സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി എ.ആര്‍.റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍

സംഗീതസംവിധായികയായി ചുവടുവച്ച് എ.ആര്‍.റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍. യുകെ-ഇന്ത്യ കോ പ്രൊഡക്ഷന്‍ ചിത്രമായ ലയണസിനുവേണ്ടിയാണ് ഖദീജ സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യന്‍ നാഷനല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (എന്‍എഫ്ഡിസി) യുകെയിലെ ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ബിഎഫ്ഐ) സഹകരണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ‘ലയണസ്’. കജ്രി ബബ്ബര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ലയണസിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അതിന്റെ ആഴമേറിയ അര്‍ഥങ്ങളുമായി താന്‍ വൈകാരികമായി അടുത്തുവെന്നും ഖദീജ പറഞ്ഞു.

സംഗീതരംഗത്ത് ഏറെ സജീവമാണ് ഖദീജ റഹ്‌മാന്‍. ഹലിത ഷമീം സംവിധാനം ചെയ്യുന്ന ‘മിന്‍മിനി’ എന്ന തമിഴ് ചിത്രത്തിനു വേണ്ടി ഖദീജയാണ് ഈണമൊരുക്കുന്നത്. ഇക്കാര്യം ഖദീജ തന്നെ ഒദ്യോഗികമായി അറിയിച്ചിരുന്നു. മുകേഷ് നായകനായെത്തുന്ന ‘ഫിലിപ്‌സ്’ എന്ന മലയാള ചിത്രത്തിനു വേണ്ടി ‘വിഴിഗല്‍ സേരാ’ എന്ന ഗാനം ആലപിച്ചത് ഖദീജയാണ്.

2020ല്‍ ‘ഫരിശ്‌തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്‌മാന്‍ സംഗീതമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. എ.ആര്‍.റഹ്‌മാന്‍ തന്നെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആല്‍ബമായിരുന്നു അത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വേണ്ടി വരികള്‍ കുറിച്ചത്. ‘ഫരിശ്‌തോ’ സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പാട്ടിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജ സ്വന്തമാക്കി.

Top