സംഗീത കുടുംബത്തില്‍ ബാലുവിന്റെ ശൂന്യത എന്നുമുണ്ടാകും; പ്രാര്‍ത്ഥനകളുമായി എ ആര്‍ റഹ്മാന്‍

പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന് വിട നല്‍കി സംഗീതലോകം. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയകലാകാരനെ ഒരു നോക്കു കാണാന്‍ ഇവിടെ എത്തിയത്. ബാലുവിന്റെ സുഹൃത്തുക്കളും പ്രശസ്ത സംഗീതഞ്ജരുമായ സ്റ്റീഫന്‍ ദേവസിയും ശിവമണിയും എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നു.

സംഗീത ഇതിഹാസം എ ആര്‍ റഹ്മാനും ബാലുവിനായി പ്രാര്‍ത്ഥിക്കുകയാണ്. സംഗീത കുടംബത്തില്‍ ബാലുവിന്റെ ശൂന്യത എന്നും ഉണ്ടാകുമെന്നാണ് എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചത്.

ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സ്റ്റീഫന്‍ ദേവസ്സിയും ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചിരുന്നു. പരിപാടികള്‍ക്ക് വേദിയിലേക്ക് കയറുന്നതിനു മുമ്പ് ബാലുവും സ്റ്റീഫനും ശിവമണിയും പരസ്പരം കൈകോര്‍ത്തുപിടിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഓര്‍മ്മച്ചിത്രമാണ് സ്റ്റീഫന്‍ പങ്കുവെച്ചത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ അനന്തപുരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

Top