എ.ആര്‍.റഹ്‌മാനു പോലും തെറ്റുകള്‍ പറ്റുമെന്നു മനസ്സിലായി; സോനു നിഗം

ആര്‍ റഹാമാനെതിരെ തുറന്ന വിമര്‍ശനവുമായ് ഗായകന്‍ സോനു നിഗം. 2009ല്‍ പുറത്തിറങ്ങിയ ‘ബ്ലൂ’ എന്ന ചിത്രത്തിലെ ‘ചിഗ്ഗി വിഗ്ഗി’ എന്ന ഗാനത്തെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തനിക്കൊട്ടും ഇഷ്ടമല്ലാത്ത പാട്ടാണതെന്നും എ.ആര്‍.റഹ്‌മാനെപ്പോലൊരു സംഗീതജ്ഞന് എങ്ങനെയാണ് ഇത്രയും മോശം പാട്ട് സൃഷ്ടിക്കാന്‍ സാധിച്ചതെന്നു മനസ്സിലാകുന്നില്ലെന്നും സോനു നിഗം പറഞ്ഞു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗായകന്‍ പറഞ്ഞത്.

‘എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പാട്ടാണ് ”ചിഗ്ഗി വിഗ്ഗി”. റഹ്‌മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം സൃഷ്ടിക്കാന്‍ സാധിച്ചത്. അതോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ആ പാട്ട് കുറേക്കൂടെ നന്നാക്കാമായിരുന്നു. എ.ആര്‍.റഹ്‌മാനു പോലും തെറ്റുകള്‍ പറ്റുമെന്നു മനസ്സിലായി. ഞാനാണ് ആ ഗാനം ആലപിച്ചത്. എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഓസ്‌ട്രേലിയന്‍ ഗായിക കൈലി മിനോഗ് ആയിരുന്നു പാട്ടിലെ പെണ്‍സ്വരം. അവരുടെ ശബ്ദത്തെ റഹ്‌മാന്‍ വേണ്ട വിധം ഉപയോഗിച്ചെന്ന് എനിക്കു തോന്നുന്നില്ല. കൈലിയുടെ നിലവാരത്തിനനുസരിച്ച് കുറേക്കൂടെ നല്ല പാട്ട് സൃഷ്ടിക്കാമായിരുന്നു റഹ്‌മാന്. ”ചിഗ്ഗി വിഗ്ഗി” വേദികളില്‍ പാടുമ്പോഴൊക്കെ വീണ്ടും വീണ്ടും നന്നാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്’, സോനു നിഗം പറഞ്ഞു.

6 പാട്ടുകളാണ് ‘ബ്ലൂ’ എന്ന ചിത്രത്തില്‍ ആകെയുള്ളത്. ”ചിഗ്ഗി വിഗ്ഗി” എന്ന ഒറ്റപ്പാട്ടിലൂടെ കൈലി മിനോഗ് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായിരുന്നു. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ലാറ ദത്ത എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ബ്ലൂ’. സോനുവിന്റെ വാക്കുകള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

Top