എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടുകള്‍ ! മുഖം നോക്കാതെ നടപടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് സര്‍ക്കാര്‍. ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിന് അടക്കം വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും രണ്ടര കോടിയിലധികം രൂപയുടെ അനധികൃത വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ അറിയിച്ചു.

കരുവന്നൂര്‍ ബങ്ക് തട്ടിപ്പില്‍ കുറ്റക്കാരായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും, കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സഹകരണ മേഖലയെ ദുര്‍ബലമാക്കുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.

‘എആര്‍ നഗര്‍ ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലൂടെ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു. ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരില്‍ അനധികൃത നിക്ഷേപങ്ങളുണ്ട്. ഒരാളുടെ പേരില്‍ വിവിധ കസ്റ്റമര്‍ ഐഡികള്‍ കണ്ടെത്തി. 257 ബാങ്ക് ഐഡിയില്‍ അക്കൗണ്ട് ഉള്ളതായി കാണുന്നില്ല. ഇടപാടുകളില്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. 2.66 കോടിയുടെ അനധികൃത വായ്പകള്‍ നല്‍കിയതായും കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ മുന്‍ ബാങ്ക് സെക്രട്ടറി ഹരികുമാര്‍ ഉള്‍പ്പെടെയുള്ളവരാണ്. അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ നിലവില്‍ അന്വേഷണം നടക്കുന്നില്ലെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.

മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ അപ്പക്സ് ബോഡി രൂപീകരണം സഹകരണ മേഖലയെ ദുര്‍ബലമാക്കുമെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുറ്റാരോപിതരായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആരംഭിച്ചു. സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സഹകരണ ബാങ്കുകളിലെ സോഫ്റ്റ്വെയര്‍ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷ ഓഡിറ്റി നടത്തുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

അതേസമയം, മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ന്യായീകരിച്ചു. കോസ്‌മെറ്റിക് ചികിത്സയ്ക്ക് പോകുന്നത് തെറ്റല്ലെന്ന് വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞു. സിനിമാ താരങ്ങളും സ്ത്രീകളും മാത്രമല്ല പുരുഷന്‍മാരും പോകും. വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞ് ആരെങ്കിലും മുഖം കൊണ്ട് കൊടുക്കുമോ എന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു.

ജനപ്രതിനിധികളും മറ്റും ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കും. പിന്നീടവര്‍ കേസുകളില്‍ പെട്ടാല്‍ ജനപ്രതിനിധികള്‍ക്കും ആ കച്ചവടത്തില്‍ പങ്കുണ്ടെന്ന് പറയാന്‍ കഴിയുമോ ? മോന്‍സന്റെ കൂടെയുള്ള മുന്‍ മന്ത്രിമാരുടെ ഫോട്ടോകളും വന്നിട്ടുണ്ട്. പക്ഷേ പ്രതിപക്ഷം അത് ആയുധമാക്കിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറയുന്നു. ഫോട്ടോ വന്നതിന്റെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെങ്കില്‍ അങ്ങനെ തന്നെ നേരിടുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

മാത്രമല്ല, 2020 ജനുവരിയില്‍ ഇന്റലിജന്‍സ് മുഴുവന്‍ തട്ടിപ്പിന്റെയും വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു. രണ്ടേ കാല്‍ വര്‍ഷക്കാലം പൊലീസ് എന്ത് ചെയ്യുകയായിരുന്നുവെന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു. പരാതിക്കാര്‍ പറയുന്ന കാലത്ത് സുധാകരന്‍ എം.പിയല്ല. മോന്‍സണ്‍ ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന് മനസ്സിലാക്കിയിട്ടും അറിഞ്ഞു കൊണ്ട് പോയവരുണ്ട്. പൊലീസുദ്യോഗസ്ഥര്‍ അങ്ങനെ പോയവരാണ്. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കെ.സുധാകരനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും പ്രശ്‌നമില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Top