എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ്; കേന്ദ്രത്തിന്റെ ഇടപെടല്‍ തേടി എ.പി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ കെ.ടി.ജലീല്‍ നടത്തിയ ആരോപണത്തെ തുടര്‍ന്ന് മലപ്പുറത്തെ എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു.

ലാവ്ലിന്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പണ്ട് സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു. ‘കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആര്‍.നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നുമുള്ള വിചിത്രമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു. 1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്നു എന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടയുന്നത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.’-അബ്ദുള്ളകുട്ടി പറഞ്ഞു.

 

Top