സകലതിനെയും പിറകിലാക്കാന്‍ എആര്‍ ഹെഡ്‌സെറ്റ്; വിഷന്‍ പ്രോയുമായി ആപ്പിള്‍

പുതിയതരം കംപ്യൂട്ടറെന്നാണ് ആപ്പിള്‍ മേധാവി ടിം കുക്ക് എആര്‍ ഹെഡ്‌സെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോണുകളും പാഡുകളും ലാപ്‌ടോപ്പുകളുമുള്‍പ്പടെയുള്ള മറ്റെല്ലാ ഉപകരണങ്ങളെയും അല്‍പം പിന്നിലാക്കാന്‍ ശേഷിയുള്ള വിഷന്‍ പ്രോയെക്കുറിച്ച് അറിയാം.

മറ്റു വിആര്‍ ഹെഡ്‌സെറ്റുകളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് വിഷന്‍ പ്രോയ്ക്കുമുള്ളത്. പക്ഷേ വിഷന്‍ പ്രോയുടെ ഡിസ്‌പ്ലേ സിസ്റ്റത്തിലുള്ളത് 23 മില്യണ്‍ പിക്‌സല്‍സാണ് (ഒരോ കണ്ണിനും ഓരോ 4കെ ടിവിപോലെ).

ഒപ്ടിക് ഐഡി എന്ന പേരില്‍ ആപ്പിള്‍ പുതിയതായി അവതരിപ്പിച്ച റെറ്റിന സ്‌കാന്‍ കൊണ്ടു വിഷന്‍ പ്രോയെ അയണ്‍മാന്‍ സ്‌റ്റൈലില്‍ അണ്‍ലോക് ചെയ്യാം.

കീബോര്‍ഡും മൗസും കീപാഡുമൊക്കെ മറക്കാം. കാരണം പൂര്‍ണമായും സിരിയുടെയും കയ്യുടെ ചലനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. ഇമയനക്കത്തില്‍ ആപ് തുറക്കാം, കൈവിരല്‍ ചലിപ്പിച്ചു തിരഞ്ഞെടുക്കാം, അല്ലെങ്കില്‍ ശബ്ദത്താല്‍ നിയന്ത്രിക്കാം.

ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഒരാള്‍ മുന്നിലെത്തിയാല്‍ ഐസൈറ്റ് സംവിധാനം ഹെഡ്‌സെറ്റിനെ ട്രാന്‍സ്‌പെരെന്റാക്കി മാറ്റും.

വിവിധ ഒഎസുകളുടെ സാധ്യതകള്‍ കൂട്ടിയിണക്കി വിഷന്‍ ഒഎസ് എന്ന ഒരു എകോസിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ആപ്പിള്‍. ആയിരക്കണക്കിനു ഐപാഡ്, ആപ്പിള്‍ ആപ്പുകള്‍ നമ്മുടെ കണ്‍മുന്നിലെത്തും.

പരസ്പരം മുഖാമുഖം സംസാരിക്കുന്നതുപോലെ മറ്റൊരു വിഷന്‍ പ്രോ ഉപയോക്താവിനോടു സംസാരിക്കാനാകും. ആപ്പിളിന്റെ ഏറ്റവും പുതിയ മെഷീന്‍ ലേണിങ് നമ്മുടെ ശരീര ചലനങ്ങളെപ്പോലും യാഥാര്‍ഥ്യത്തോടടുത്തു നില്‍ക്കുന്നതാക്കി മാറ്റും.

ഒരു മാജിക് കീബോര്‍ഡും ട്രാക്ക്പാഡും നമ്മുടെ മുന്നില്‍ പ്രത്യക്ഷമാകും, മാകിലെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിഷന്‍ പ്രോയില്‍ നിയന്ത്രിക്കാം എവിടെയിരുന്നു. യാത്ര ചെയ്യുമ്പോഴും നമുക്ക് എഡിറ്റിങ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യാനായേക്കാം.

സിനിമകളുടെ കാഴ്ച അനുഭവത്തിനു അതിരുകളില്ല. വലിയ സ്‌ക്രീനില്‍ നമ്മുടെ സ്വകാര്യ കാഴ്ചാമുറിയില്‍ നല്ല ദൃശ്യാനുഭത്തോടെയും അനുപമമായ ശബ്ദത്തോടെയും ആസ്വദിക്കാനാകും.

എല്ലാത്തിനും ഒരു നിയന്ത്രണം വേണം!, അതെ അതും ആപ്പിളിനറിയാം. ഹെഡ്‌സെറ്റ് വശങ്ങളില്‍ നല്‍കുന്ന ഡിജിറ്റല്‍ ക്രൗണുപയോഗിച്ചു നിങ്ങള്‍ക്കു വിര്‍ച്വല്‍ റിയാലിറ്റിയില്‍നിന്നും റിയാലിറ്റിയിലേക്കു നിമിഷങ്ങള്‍ക്കുള്ളില്‍ വരാനാകും..

ആപ്പിളിന്റെ ആദ്യ ത്രീഡി ക്യാമറ കൂടിയാണ് വിഷന്‍ പ്രോ. നിങ്ങളുടെ ചുറ്റുമുള്ള കാഴ്ചകള്‍ യഥാര്‍ഥ ലോകത്തു സംഭവിക്കുന്നതുപോലെ വിഡിയോ ദൃശ്യങ്ങളായി ശേഖരിക്കാനാകും. ദൃശ്യമാധ്യമ രംഗത്തു വിപ്‌ളവമുണ്ടാക്കാനായേക്കാം.

മുഖത്തിനു ചുറ്റും ഒഴുകിയിറങ്ങുന്ന ഒരു ഡിസ്പ്‌ളേ സംവിധാനം അലൂമിനിയം സങ്കരലോഹ സംവിധാനത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ലൈറ്റ് സീലിങ് സംവിധാനം വലിയുന്ന മാര്‍ദവമായ തുണിയിലും. മുഖത്തു ഭദ്രമായി ഉറപ്പിക്കാന്‍ ഫ്‌ളെക്‌സിബിളായ സ്ട്രാപുമുണ്ട്.

 

Top