പിയാജിയോയുടെ അപ്രീലിയ എസ്.എക്‌സ്.ആര്‍.160 കേരളത്തിലും

ന്ത്യയില്‍ വിൽപനയ്‌ക്കെത്തിച്ച പിയാജിയോയുടെ പ്രീമിയം സ്‌കൂട്ടറായ അപ്രീലിയ എസ്.എക്‌സ്.ആര്‍.160 കേരളത്തിലും അവതരിപ്പിച്ചു. 1.29 ലക്ഷം രൂപയാണ് ഈ പ്രീമിയം സ്‌കൂട്ടറിന്റെ കേരളത്തിലെ എക്‌സ്‌ഷോറും വില. കേരളത്തിലെ പിയാജിയോ ഷോറൂമുകളിലും അപ്രീലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപയാണ് ബുക്ക് ചെയ്യാനുള്ള അഡ്വാന്‍സ് തുക. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന ഖ്യാതിയോടെയാണ് അപ്രീലിയ എസ്.എക്‌സ്.ആര്‍.160 ഇന്ത്യയില്‍ അവതരിപ്പിച്ചത്.

2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ മാക്‌സി സ്‌കൂട്ടര്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോയുടെ പ്ലാന്റില്‍ നിര്‍മിച്ചാണ് ഈ സ്‌കൂട്ടര്‍ ഇന്ത്യന്‍ നിരത്തിലെത്തുകയെന്ന് നിര്‍മാതാക്കള്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. കണക്ടഡ് ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അപ്രീലിയ എസ്.എക്‌സ്.ആര്‍.160 എത്തിയിട്ടുള്ളത്. ഇതിനൊപ്പം ഫുള്‍ ഡിജിറ്റല്‍ ആയിട്ടുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റ് എന്നിവയാണ് സ്‌കൂട്ടറില്‍ നല്‍കിയിട്ടുള്ള മറ്റ് ഫീച്ചറുകള്‍.

ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ഈ സ്‌കൂട്ടര്‍ വിപണി കീഴടക്കാൻ എത്തുന്നത്. 160 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ മൂന്ന് വാല്‍വ് എന്‍ജിനായിരിക്കും ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇത് 10.7 ബി.എച്ച്.പി പവറും 11.6 എന്‍.എം ടോര്‍ക്കുമേകും. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക്കാണ്. സുരക്ഷയൊരുക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം സിംഗിള്‍ ചാനല്‍ എ.ബി.എസും നല്‍കുന്നുണ്ട്. മുന്നില്‍ 30 എം.എം. ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് ഇതില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

Top