അനീഷ്യയുടെ മരണം: അന്വേഷണത്തിന് ഡി.ജി.പി.യുടെ നിർദേശം

കൊല്ലം പരവൂർ മുൻസിഫ്/മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44) ആത്മഹത്യചെയ്ത സംഭവത്തിൽ വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി.) ടി.എ. ഷാജി നിർദേശിച്ചു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ഷീബയോടാണ് രണ്ടാഴ്ചയ്ക്കകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജങ്ഷനുസമീപം ‘പ്രശാന്തി’യിൽ അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽനിന്നുണ്ടായ മാനസികപീഡനവും ജോലിസമ്മർദവുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. പ്രോസിക്യൂഷൻ ഡയറക്ടർ ആവശ്യമായ സഹായം നൽകണം.

Top