ഗാസിയാബാദ് നഗരത്തിന്റെ പേര് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് മുനിസിപ്പല്‍ കോര്‍പറേഷന്റെ അംഗീകാരം

ലക്‌നൗ: ഗാസിയാബാദ് നഗരത്തിന്റെ പേര് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് മുനിസിപ്പല്‍ കോര്‍പറേഷന്റെ അംഗീകാരം. കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷ പിന്തുണയോടെയാണ് നിര്‍ദേശം പാസാക്കിയത്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ രണ്ട് പേര്‍ മാത്രമാണ് നിര്‍ദേശത്തെ അനുകൂലിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം പാസായതിനാല്‍ ഇനി പേരു മാറ്റത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാറാണ്. ഇതിനായി നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിക്കും. ഗാജ്‌നഗര്‍, ഹര്‍നന്ദി നഗര്‍ എന്നീ പേരുകളാണ് ഗാസിയാബാദിന് പകരമായി മുനിസിപ്പല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏത് പേര് നല്‍കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെയായിരിക്കും കൈക്കൊള്ളുക.

ഇതിനോടകം തന്നെ നിരവധി റെയില്‍വേ സ്റ്റേഷനുകളുടെയും ജില്ലകളുടെയും പേരുകള്‍ ഉത്തര്‍പ്രദേശില്‍ മാറ്റിക്കഴിഞ്ഞിട്ടുണ്ട്. 2023 നവംബറിലാണ് ഗാസിയാബാദിന്റെ പേര് മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. അതേസമയം അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി അലിഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ കൊണ്ടുവന്ന ശുപാര്‍ശ നേരത്തെ തന്നെ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഉത്തര്‍പ്രദേശ് സര്‍ക്കാറായിരിക്കും എടുക്കുക.

Top