ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രത്തിന് അനുമതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇന്ത്യയും യുഎഇയും തമ്മിലുള്ള നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും നമ്മുടെ ഇടപെടലുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസ മേഖലയിൽ യുഎഇയുമായി 2015-ൽ ഒപ്പുവച്ച ധാരണാപത്രം 2018-ൽ അവസാനിച്ചു. 2019-ൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ തമ്മിൽ നടന്ന യോഗത്തിൽ പുതിയ ധാരണാപത്രം ഒപ്പിടാൻ യുഎഇ പക്ഷം നിർദേശിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ ആവാസവ്യവസ്ഥയിൽ ദേശീയ വിദ്യാഭ്യാസ നയം 2020 കൊണ്ടുവന്ന മാറ്റങ്ങൾ പുതിയ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ധാരണാപത്രം, വിവര വിദ്യാഭ്യാസ കൈമാറ്റം, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന (ടിവിഇടി) ടീച്ചിംഗ് സ്റ്റാഫിന്റെ ശേഷി വികസനം, ഇരട്ട, ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

ഈ ധാരണാപത്രം ഇന്ത്യയും യുഎഇയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം പുനരുജ്ജീവിപ്പിക്കുകയും യോഗ്യതകളുടെ പരസ്പര അംഗീകാരം പ്രോത്സാഹിപ്പിക്കുന്നതിന് വിവരങ്ങൾ കൈമാറുന്നതിനുള്ള സൗകര്യം നൽകുകയും ചെയ്യും. യുഎഇ, ഇന്ത്യക്കാരുടെ പ്രധാന തൊഴിൽ സ്ഥലമായതിനാൽ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും ഇത് ഉൾക്കൊള്ളുന്നു. ഈ ധാരണാപത്രം ഒപ്പിട്ട തീയതി മുതൽ അഞ്ച് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും കൂടാതെ രണ്ട് കക്ഷികളുടെയും സമ്മതത്തോടെ യാന്ത്രികമായി പുതുക്കാവുന്നതായിരിക്കും. ഒരിക്കൽ ഒപ്പുവെച്ചാൽ, ഈ ധാരണാപത്രം 2015-ൽ യു.എ.ഇ.യുമായി നേരത്തെ ഒപ്പുവച്ച ധാരണാപത്രത്തെ അസാധുവാക്കും, അതിന് തുടർന്ന് പ്രാബല്ല്യം ഉണ്ടാവില്ല.

Top