Appointment row; Simon britto’s wife’s job

കൊച്ചി : സിപിഎം അണികളുടെ എക്കാലത്തെയും ആവേശമായ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയുടെ കുടുംബത്തിന് ഒരു ജോലി പോലും നല്‍കാത്ത നേതൃത്വത്തിന്റെ നിലപാടിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം കത്തിപ്പടരുന്നു.

ഇത് സംബന്ധമായി പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ മന്ത്രി ബന്ധുക്കളുടെ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ എട്ടിന് ‘എക്‌സ്പ്രസ്സ് വ്യൂവില്‍’ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ ജോലി തേടി അലയുന്നത് ചൂണ്ടിക്കാണിച്ചിരുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍സഹിതം മലയാള മനോരമ ഓണ്‍ലൈനും ബ്രിട്ടോയുടെ കുടുംബത്തിന്റെ ദുരവസ്ഥ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

കലാലയ രാഷ്ട്രീയം കത്തിനിന്നിരുന്ന 80കളില്‍ രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റ് തളര്‍ന്ന് പോയ സൈമണ്‍ ബ്രിട്ടോയുടെ കുടുംബത്തോട് പാര്‍ട്ടി നീതി പുലര്‍ത്തണമെന്നാണ് അണികളുടെ വികാരം.

വീല്‍ച്ചെയറിലായിപ്പോയ പ്രിയസഖാവിന്റെ വേദനയില്‍ പിടഞ്ഞ ലക്ഷക്കണക്കിന് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വികാരത്തിനുമപ്പുറമായിരുന്നു സീന ഭാസ്‌കറെന്ന എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മറ്റിയംഗത്തിന്റേത്.

ആശ്വാസവാക്കുകളല്ല മറിച്ച് സ്വന്തം ജീവിതം തന്നെയാണ് ബ്രിട്ടോക്ക് വേണ്ടി ഈ നമ്പൂതിരിക്കുട്ടി പകുത്ത് നല്‍കിയത്.

simon britto

ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്‌കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമൊക്കെയായി. നിയമബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും സീനയ്ക്കുണ്ട്.

പാര്‍ട്ടിപത്രത്തില്‍ ക്ലറിക്കല്‍ തസ്തികയില്‍ ആദ്യം നിയമനം ലഭിച്ചിരുന്നു. വിഷ്വല്‍ എഡിറ്റിങ് പഠിക്കാന്‍ മറ്റൊരു സ്ഥാപനത്തില്‍ പോയി എന്നാ കാരണത്താല്‍ പിന്നീട് പാര്‍ട്ടി പത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇതേക്കുറിച്ചു അന്നു ജില്ലാ സെക്രട്ടറിയോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല.

പത്രപ്രവര്‍ത്തന മേഖലയിലെ പരിചയം കണക്കിലെടുത്തു പിആര്‍ഡിയില്‍ താല്‍ക്കാലികമായെങ്കിലും ജോലി തരണമെന്നു പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നു. അതല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫിലെങ്കിലും നിയമിക്കണമെന്നും താല്‍പര്യപ്പെട്ടിരുന്നു. നാലു മന്ത്രിമാരോടെങ്കിലും ഇക്കാര്യം പറയുകയുമുണ്ടായി. ഇതിന് പുറമെ ബ്രിട്ടോ അംഗമായ വടുതല ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും എറണാകുളം ഏരിയാ കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റിക്കു കത്തും നല്‍കിയിരുന്നു. പക്ഷേ തീരുമാനമായില്ലെന്ന് മാത്രം.

ബന്ധു നിയമനത്തില്‍ വിവാദത്തില്‍പ്പെട്ട മന്ത്രി ഇ പി ജയരാജന് പാര്‍ട്ടി ചുമതലയുണ്ടായിരുന്ന ജില്ലയിലാണ് ഈ വിരോധാഭാസം.

ഇപ്പോള്‍ ആറു മാസമായി തൊഴില്‍ രഹിതയാണു സീന. ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയായ മുന്‍ എംഎല്‍എ എന്ന നിലയില്‍ ബ്രിട്ടോയ്ക്ക് ലഭിക്കുന്ന 10000 രൂപമാത്രമാണ് ഈ കുടുംബത്തിന്റെ ഇന്നുള്ള വരുമാനം. ഇതില്‍ തന്നെ പകുതിയോളം ബ്രിട്ടോയെ സഹായിക്കാന്‍ നില്‍ക്കുന്നയാള്‍ക്കു ശമ്പളം നല്‍കണം. മകളെ പഠിപ്പിക്കണം. ചികില്‍സാ ചെലവുകള്‍ പുറമെ.

ചുവപ്പ് സ്വപ്നങ്ങള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ ദുരവസ്ഥയാണിത്.

Top