appointment row; Jayrajan’s opinion against others

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടപടിയുണ്ടാവുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ക്കും ബാധകമാക്കണമെന്ന് ഇ പി ജയരാജന്‍.

ജയരാജന് പുറമെ മന്ത്രിസഭയിലെ മറ്റ് ചില അംഗങ്ങള്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ പ്രതിരോധത്തിന് തുനിയുന്നത്.

ഇപ്പോള്‍ പുറത്ത് വന്നതും പുറത്ത് വരാതിരിക്കുന്നതുമായ ചില ‘കാര്യങ്ങള്‍’ കൂടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുന്നില്‍ ജയരാജന്‍ അവതരിപ്പിച്ചതായാണ് സൂചന.

തന്നെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാനും പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കാനുമുള്ള നീക്കങ്ങളാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്‍പ് കൈമാറണമെന്ന് കോടിയേരി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തന്നെയാണ് വ്യവസായ വകുപ്പില്‍ നിയമനം നടത്തിയതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജയരാജനെന്നാണ് സൂചന.

സിപിഎം വിഭാഗിയത സമയത്ത് പിണറായി വിഭാഗത്തിന്റെ മുന്നണി പോരാളിയായിരുന്ന ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നും കഴിഞ്ഞ കാലങ്ങളിലെ പല ‘രഹസ്യങ്ങളും’ പുറത്താകാന്‍ സാധ്യതയുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വിവാദ നിയമനത്തില്‍ തിരുത്തല്‍ നടപടി വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം പോലും ആവശ്യപ്പെട്ട സ്ഥിതിക്ക് ജയരാജനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുമെന്ന പ്രചരണം ശക്തമാണ്.

എന്നാല്‍ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ വകുപ്പ് മാറ്റങ്ങളിലും ശാസനയിലും ഒതുക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ക്കിടയിലുണ്ട്.

വിജിലന്‍സ് അന്വേഷണം അനിവാര്യമായതിനാലും പ്രതിച്ഛായക്ക് കോട്ടം തട്ടിയതിനാലും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് ഭൂരിപക്ഷ നേതാക്കള്‍ക്കും അണികള്‍ക്കുമുള്ളത്.

നടപടി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതിനാല്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിക്കാതെ മുന്നോട്ട് പോവാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

14ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്‍പ് പിണറായി കോടിയേരിയുമായി ആശയവിനിമയം നടത്തി ഒരു ധാരണയിലെത്തുമെന്നാണ് സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തുടര്‍നടപടികള്‍.

സ്വാശ്രയ സമരത്തില്‍ വെട്ടിലായ പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി അടിക്കാന്‍ കൊടുത്ത വടിയായി മാറി വിവാദമെന്ന കാര്യത്തില്‍ നേതാക്കള്‍ക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല.

17ന് നിയമസഭ തുടങ്ങുമ്പോള്‍ നിയമന വിവാദം സഭക്ക് അകത്തും പുറത്തും കത്തിപ്പടരുമെന്നതിനാല്‍ നടപടി ശാസനയില്‍ മാത്രം ഒതുക്കിയാല്‍ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാവും. സഭയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന ജയരാജനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷ നടപടി മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇതിനിടെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ജോസഫൈന്റെ നടപടി എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് കാരണമായിട്ടുണ്ട്.

ഒളിക്യാമറ വിവാദത്തില്‍ നായികയായ അഭിഭാഷകക്ക് നിയമനം നല്‍കിയ നടപടിയാണ് ജോസഫൈനെ ചൊടിപ്പിച്ചത്.

ജയരാജനെതിരായ പരാതി ചര്‍ച്ച ചെയ്യുമ്പോള്‍ ഈ കാര്യങ്ങളും ഇനി സിപിഎമ്മിന് ചര്‍ച്ച ചെയ്യേണ്ടി വരും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വിവാദത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Top