Appointment row; Jayarajan’s resign-pinarayi’s sharp decision

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസിന്റെ പാതയില്‍.

പ്രതിപക്ഷ നേതാവായിരിക്കെ അഴിമതിക്കെതിരെ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് വി.എസ് അച്യുതാനന്ദനെ പൊതുസമൂഹത്തിനിടയില്‍ ഹീറോ ആക്കിയതെങ്കില്‍ മുഖ്യമന്ത്രിയായിരിക്കെ സമാനമായ നടപടി സ്വീകരിച്ചാണ് പിണറായി മുഖം മിനുക്കുന്നത്.

കടുത്ത പിണറായി വിരോധികള്‍ക്ക് പോലും എന്തിനേറെ ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ പ്രധാനിക്ക് പോലും ചാനല്‍ ചര്‍ച്ചകളില്‍ പിണറായിയുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കേണ്ടിവന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

പാര്‍ട്ടിയിലും മന്ത്രിസഭയിലും തന്റെ വലംകൈ ആയിട്ടും കേന്ദ്രകമ്മിറ്റി അംഗമായിരുന്നിട്ട് പോലും ജയരാജനെ സംരക്ഷിക്കാന്‍ നിന്നില്ല എന്ന് മാത്രമല്ല രാജിവയ്ക്കണമെന്ന കര്‍ക്കശ നിലപാട് സ്വീകരിക്കുക കൂടി പിണറായി ചെയ്തതാണ് രാഷ്ട്രീയ വിരോധികളെ പോലും അത്ഭുതപ്പെടുത്തിയത്.

വാക്ക് ഒന്നും പ്രവര്‍ത്തി മറ്റ് പലതുമാക്കുന്ന നേതാക്കളുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ടതില്ലെന്ന നിലപാട് പ്രഖ്യാപനത്തെ ആവേശത്തോടുകൂടിയാണ് ഇപ്പോള്‍ സി.പി.എം അണികള്‍ സ്വീകരിച്ചിരിക്കുന്നത്.

പിണറായിയുടെ ഭരണ ‘കാഠിന്യത്തില്‍’ അഭിപ്രായ വ്യത്യാസമുള്ള മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കുപോലും പുതിയ സാഹചര്യത്തില്‍ മറിച്ചൊരു അഭിപ്രായം പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

ഭരണത്തിലെ പാര്‍ട്ടി നേതാക്കളുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും മന്ത്രിമാരുടെ വകുപ്പുകളില്‍ സജീവമായി ‘കണ്ണ് ‘ പതിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ജാഗ്രത പല മന്ത്രിമാര്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ ആയതിനാല്‍ എതിര്‍ സ്വരമുയര്‍ത്താനും പാര്‍ട്ടിയില്‍ പരാതി പറയാനും പറ്റാത്ത സാഹചര്യമാണ് സഹപ്രവര്‍ത്തകര്‍ക്ക്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പോലും അവസ്ഥ വിഭിന്നമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് വി.എസ് മന്ത്രിസഭയില്‍ പാര്‍ട്ടി നടത്തിയ ഇടപെടലുകളും മന്ത്രിമാര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യങ്ങളുമൊന്നും ഇപ്പോള്‍ അനുവദിക്കപ്പെടുന്നില്ലെന്നാണ് അണിയറ സംസാരം.

ഇക്കാര്യത്തില്‍ പിണറായിയെ അനുകൂലിച്ചും എതിര്‍ത്തും പാര്‍ട്ടിക്കകത്ത് അഭിപ്രായങ്ങള്‍ ശക്തമാണ്. വി.എസിനെ മുഖ്യമന്ത്രിയായപ്പോള്‍ തിരുത്താന്‍ പിണറായി കാട്ടിയ ധൈര്യമൊന്നും ഇപ്പോള്‍ തിരിച്ച് പിണറായിയോട് കാണിക്കാന്‍ പാര്‍ട്ടിയില്‍ ആര്‍ക്കുമില്ലെന്നതാണ് സത്യം. എന്നാല്‍ അസംതൃപ്തി പുകഞ്ഞ് ഒരു പൊട്ടിത്തെറി ഭാവിയിലെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

ഭരണതലത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തി മുഖം നോക്കാതെ നടപടി സ്വീകരിച്ച് മുന്നോട്ട് പോവാനാണ് പിണറായിയുടെ തീരുമാനം. വി.എസ്. ഭരണകാലത്ത് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പുകള്‍ വലിയ അളവോളം തനിക്ക് നേട്ടമാക്കി മാറ്റാനും പൊതു സമൂഹത്തിനിടയില്‍ ക്ലീന്‍ ഇമേജ് ഉണ്ടാക്കുവാനും വി.എസിന് സഹായകരമായിരുന്നു.

ഇതിന് സമാനമായ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഇനി ഉണ്ടായാല്‍ പോലും അത് പിണറായി എന്ന മുഖ്യമന്ത്രിക്ക് പൊതു സമൂഹത്തിനിടയില്‍ അംഗീകാരം വര്‍ദ്ധിപ്പിക്കുകയേ ഉള്ളുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഈ വാദത്തെ ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ എതിര്‍ക്കുകയാണ്. വി.എസിന് തുടക്കത്തില്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായ മേധാവിത്വം പിന്നീട് അദ്ദേഹം മുഖ്യമന്ത്രി ആയതിനുശേഷം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ഈ എതിര്‍പ്പ്.

ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ അത് കേരളത്തിലെ ഇടത് രാഷ്ട്രീയത്തില്‍ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാന്‍ കാരണമാകും.

Top