appointment row; EP Jayarajan-issues-minister post

തിരുവനന്തപുരം : ഒടുവില്‍ വിവാദങ്ങളുടെ തോഴന്‍ കീഴടങ്ങി.

ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതോടെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു.

പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും കൈവിട്ടതോടെ ഗത്യന്തരമില്ലാതെയാണ് രാജിവയ്ക്കാന്‍ ജയരാജന്‍ നിര്‍ബന്ധിതനായത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെടുന്ന മന്ത്രി പ്രമുഖന്റെ രാജി.

സി.പി.എം. വിഭാഗീയത കത്തിപ്പടര്‍ന്ന സമയത്ത് പിണറായി വിജയന്റെ വലംകൈ ആയി അറിയപ്പെട്ടിരുന്ന നേതാവാണ് ജയരാജന്‍. വ്യവസായ വകുപ്പില്‍ ഭാര്യാ സഹോദരി കൂടിയായ പി.കെ. ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെഎസ്‌ഐഇ) എംഡിയാക്കി നിയമിച്ചതും സഹോദരന്റെ പുത്രന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമിച്ചതുമടക്കം നിരവധി പരാതികളാണ് ജയരാജനെതിരെ പാര്‍ട്ടിക്കകത്തും വിജിലന്‍സിനും ലഭിച്ചിരുന്നത്.

അന്വേഷണം നടത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുശേഷം നിയമവിദഗ്ധരോടു കൂടി കൂടിയാലോചന നടത്തിയശേഷമായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് മുന്‍പാകെ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വെള്ളിയാഴ്ച നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത് കൂടി പരിഗണിച്ചായിരുന്നു പെട്ടെന്നുള്ള വിജിലന്‍സ് നീക്കം.

തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി മുഖ്യമന്ത്രി പിണറായി നടത്തിയ ചര്‍ച്ചയില്‍ രാജിയല്ലാതെ മറ്റൊരു വഴി ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്ന പ്രതിഷേധം ശമിപ്പിക്കാന്‍ മാറിനില്‍ക്കണമെന്ന് സെക്രട്ടറിയേറ്റ് യോഗത്തിലും ആവശ്യമുയര്‍ന്നു. യോഗത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ കടുത്ത രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

നിയമനവുമായി ബന്ധപ്പെട്ട് ജയരാജന്‍ പറഞ്ഞ ന്യായീകരണമൊന്നും നേതാക്കള്‍ അംഗീകരിച്ചില്ല. തുടര്‍ന്നായിരുന്നു രാജി വയ്ക്കാനുള്ള തീരുമാനം.

അതേസമയം സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്‍ തെറ്റ് ഏറ്റു പറഞ്ഞെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്, രാജി പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ ഉയര്‍ത്തിപിടിക്കാനാണെന്നും കോടിയേരി വ്യക്തമാക്കി.

Top