മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയുടെ കേരള സര്‍വ്വകലാശാലയിലെ നിയമനം വിവാദത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയുടെ കേരള സര്‍വ്വകലാശാലയിലെ നിയമനം വിവാദത്തില്‍. സംസ്‌കൃത അധ്യാപികയെ ചട്ടങ്ങള്‍ ലംഘിച്ച് മലയാള മഹാ നിഘണ്ടു മേധാവിയാക്കി നിയമിച്ചതില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും നിലവില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍ മോഹനന്റെ ഭാര്യ ഡോ. പൂര്‍ണ്ണിമാ മോഹനന്റെ നിയമനമാണ് വിവാദത്തിലായത്.

കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണ്ണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം. സര്‍വ്വകലാശാലയിലെ മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കി സംസ്‌കൃത അധ്യാപികയെ നിയമിച്ചത് മലയാള ഭാഷാ പ്രാവീണ്യമുള്ളവരെ നിയമിക്കണമെന്ന സര്‍വ്വകലാശാലാ സ്റ്റാറ്റിയൂട്ടിന് വിരുദ്ധമായാണെന്നാണ് പരാതി.

അതേസമയം വിദ്ഗ്ധര്‍ അടങ്ങിയെ സെലക്ഷന്‍ കമ്മിറ്റിയാണ് നിയമനം നടത്തിയതെന്ന് കേരള വിസി വിപി മഹാദേവപിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു. അപ്പോഴും ഭാഷാ പ്രവീണ്യമുള്ളവരെ നിയമിക്കണമെന്ന സ്റ്റാറ്റിയൂട്ട് ലംഘനമെന്ന പരാതിയില്‍ സര്‍വ്വകലാശാലക്ക് കൃത്യമായി വിശദീകരണമില്ല. നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ പൂര്‍ണ്ണിമാ മോഹന്‍ മാത്രമാണ് അപേക്ഷ നല്‍കിയതെന്നുള്ള സര്‍വ്വകലാശാല വിശദീകരണം സംശയങ്ങള്‍ കൂട്ടുന്നു.

 

Top