Appointment of the new Vigilance Director: The senior IPS officers have not interest

തിരുവനന്തപുരം: ഈ മാസം 31 ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിന്‍സന്‍ എം പോള്‍ വിരമിക്കാനിരിക്കെ പുതിയ വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും മുഖംതിരിക്കുന്നു.

സംസ്ഥാന പോലീസിലെ രണ്ടാം സ്ഥാനമായി അറിയപ്പെടുന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സീനിയോറിറ്റി പ്രകാരം ഡിജിപി തസ്തികയിലുള്ള ജേക്കബ് തോമസിനെയാണ് നിയമിക്കേണ്ടതെങ്കിലും അക്കാര്യം എന്തായാലും നടക്കില്ലെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

സര്‍ക്കാരിനെ വിമര്‍ശിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ജേക്കബ് തോമസിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തത് വിജിലന്‍സ് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയരാന്‍ സാധ്യതയുള്ള വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കൂടിയാണെന്നും പറയപ്പെടുന്നു.

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാമിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

ശാശ്വതീകാനന്ദയുടെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിയുടെ അടുത്ത് ഇത്തരമൊരു ആവശ്യമുന്നയിച്ച ഘട്ടത്തില്‍ തന്നെയാണ് ജേക്കബ് തോമസുമായി സര്‍ക്കാര്‍ ഇടഞ്ഞിരുന്നതെന്നതും ശ്രദ്ധേയമാണ്.

ഈ രണ്ട് കാര്യങ്ങളിലും ജേക്കബ് തോമസിനെ ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ബോധപൂര്‍വ്വമായുണ്ടായ നടപടിയാണ് വിശദീകരണ നോട്ടീസും നടപടിയെടുക്കുമെന്ന പ്രഖ്യാപനവുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

നീതി നിര്‍വ്വഹണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരിക്കുന്നത് സ്വപ്നത്തില്‍ പോലും സര്‍ക്കാരിന് ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റില്ല.

പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ ബാബുവിനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍.

ബാര്‍ കോഴ കേസില്‍ മാണിക്കെതിരായി നടക്കുന്ന തുടരന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ഡിജിപി തസ്തികയിലുള്ള മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ജയില്‍ മേധാവി ലോക്‌നാഥ് ബഹ്‌റയാണ്. വിന്‍സന്‍ എം പോളിന്റെ ഒഴിവില്‍ ഡിജിപിയായി ഉദ്യോഗക്കയറ്റം ലഭിക്കുന്ന ഋഷിരാജ്‌സിംഗും സര്‍ക്കാരിനെ സംബന്ധിച്ച് ജേക്കബ് തോമസിനെപ്പോലെ തന്നെ കണ്ണിലെ കരടാണ്.

ജേക്കബ് തോമസിനെയും ഋഷിരാജ്‌സിംഗിനെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കാതിരിക്കാന്‍ ഇത്തരം ചില ‘പൊടിക്കൈകളുമായി’ സര്‍ക്കാര്‍ രംഗത്തുണ്ടെങ്കിലും വിന്‍സന്‍ എം പോളിനെ പോലെ മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനിരുന്ന് ‘പൊള്ളിയ’ കസേരയിലിരിക്കാന്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഐപിഎസുകാര്‍ പോലും തയ്യാറല്ലെന്നാണ് ലഭിക്കുന്ന സൂചന.

സര്‍ക്കാരിന് കഷ്ടിച്ച് ആറുമാസം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നതും, ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ തെറിക്കപ്പെടുമെന്ന ഭീതിയുമാണ് ഇവരെ പിറകോട്ടടിപ്പിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കിയതോടെ പോലീസിലെ ഒരു വിഭാഗം ഇപ്പോള്‍ തന്ത്രപ്രധാന തസ്തികകളോട് വലിയ താല്‍പര്യം കാട്ടുന്നില്ലന്നതാണ് യാഥാര്‍ഥ്യം.

ക്രമസമാധാന ചുമതലയുള്ള ഡിജിപി തസ്തികയടക്കം നാല് ഡിജിപി തസ്തികയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും സീനിയറായ ടിപി സെന്‍കുമാര്‍ ക്രമസമാധാന ചുമതല വഹിക്കുന്നതിനാല്‍ മറ്റ് മൂന്നുപേരില്‍ നിന്നാണ് വിജിലന്‍സ് ഡയറക്ടറെ നിയമിക്കേണ്ടത്.

ഇതില്‍ ലോക്‌നാഥ് ബഹ്‌റ മാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാരിന്റെ മുന്നിലുള്ള ചോയ്‌സ്.

ബഹ്‌റയെ വിജിലന്‍സില്‍ നിയമിക്കുകയാണെങ്കില്‍ ഋഷിരാജ്‌സിംഗിനെയോ ജേക്കബ് തോമസിനെയോ ജയില്‍ മേധാവിയായി നിയമിക്കേണ്ടി വരും.

പരോള്‍ അടക്കം സര്‍ക്കാരിന്റെ പല ‘തന്ത്രപരമായ’ കാര്യങ്ങളും നടപ്പിലാക്കേണ്ട ജയില്‍ വകുപ്പില്‍ ഇവരില്‍ ആരെ പകരം നിയമിച്ചാലും അത് വലിയ വെല്ലുവിളിയായിരിക്കും.

ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുവരുന്ന സാഹചര്യത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുന്നവര്‍ എത്തിയാല്‍ അത് ജയിലിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ‘പണി’യാകും.

ഈ വെല്ലുവിളി ഒഴിവാക്കാന്‍ നേരത്തെ വിജിലന്‍സില്‍ അഡിഷണല്‍ ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയില്‍ കൊണ്ടുവരാനും അണിയറയില്‍ തകൃതിയായ നീക്കം നടക്കുന്നുണ്ട്. ഇദ്ദേഹം ഇപ്പോള്‍ എഡിജിപി തസ്തികയില്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘അധികാരം’ ഉപയോഗിച്ച് ഡിജിപിയായി പ്രമോട്ടു ചെയ്യാന്‍ പറ്റുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

നേരത്തെ വിന്‍സന്‍ പോള്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ ഉദ്യോഗ കയറ്റം നല്‍കിയത് കേന്ദ്രം അംഗീകരിച്ചിരുന്നില്ല. പിന്നീട് ഡിജിപി തസ്തികയിലെ റിട്ടയര്‍മെന്റ് ഒഴിവു വന്നതിനുശേഷമാണ് അദ്ദേഹത്തിന്റെ ഉദ്യോഗകയറ്റം കേന്ദ്രം അംഗീകരിച്ചിരുന്നത്.

ബാര്‍ കോഴകേസില്‍ മന്ത്രി ബാബുവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനടക്കമുള്ളവര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നതും മാണിക്കെതിരായ തുടരന്വേഷണവുമെല്ലാം പുതിയ വിജിലന്‍സ് ഡയറക്ടറെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

സെന്‍സിറ്റീവായ ഈ വിഷയത്തില്‍ എന്തു നിലപാട് സ്വീകരിച്ചാലും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഉറപ്പായതും കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.

ക്രമസമാധാന ചുമതലയുള്ള ഡിജിപി തസ്തികയെ പോലെ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിനു വേണ്ടിയും ശക്തമായ ചരടുവലികളാണ് മുതിര്‍ന്ന ഐപിഎസുകാരുടെ ഭാഗത്തുനിന്ന് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോഴത്തെ മാറിയ സാഹചര്യത്തില്‍ തങ്ങളെ നിയമിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കേണ്ട അവസ്ഥയിലാണ് ഈ വിഭാഗം.

സര്‍ക്കാര്‍ ആരെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇപ്പോള്‍ നിയമിച്ചാലും ഒരു കാര്യം എന്തായാലും ഉറപ്പിക്കാം. അതെന്തായാലും ആ ഉദ്യോഗസ്ഥന്‍ ആഗ്രഹിച്ചതായിരിക്കില്ല എന്ന്.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ജേക്കബ് തോമസിനേയോ ഋഷിരാജ് സിംഗിനേയോ ഈ പദവിയില്‍ നിയമിക്കുമെന്ന പ്രചരണം പോലീസിലും ശക്തമാണ്. ഇതും ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവിന് മറ്റൊരു കാരണമാണ്.

Top