ശബരിമല,മാളികപ്പുറം മേല്‍ശാന്തി നിയമനം; ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹൈക്കോടതി വിധി ഇന്ന്

ബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ മലയാള ബ്രാഹ്‌മണര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് വൈകിട്ട്. ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന മലയാള ബ്രാഹ്‌മണരല്ലാത്ത ശാന്തിക്കാരായ സി വി വിഷ്ണുനാരായണന്‍, ടി എല്‍ സിജിത്ത്, പി ആര്‍ വിജീഷ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

ശബരിമലയില്‍ മലയാള സമ്പ്രദായത്തിലാണ് പൂജകള്‍ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്‌മണന്‍ എന്ന് നിബന്ധന വെയ്ക്കുന്നത്. ക്ഷേത്രം മാനേജ്‌മെന്റ് ആയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം നിയമപ്രകാരം ശാന്തി ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള അധികാരമുണ്ട്. അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന ബ്രാഹ്‌മണ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.

വൈക്കം, ഏറ്റുമാനൂര്‍, ശബരിമല തുടങ്ങിയ പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങള്‍ വ്യത്യസ്തമാണ്. മേല്‍ശാന്തി നിയമനത്തിലടക്കം ചില കീഴ്വഴക്കങ്ങള്‍ പിന്തുടരുന്നത് മറ്റു നിയമങ്ങളുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ശബരിമലയിലൊഴികെ ശാന്തി തസ്തികയിലടക്കം ഹിന്ദുവിഭാഗത്തില്‍ യോഗ്യത നേടിയ എല്ലാവര്‍ക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. ശബരിമല മേല്‍ശാന്തി നിയമനം പൊതു, സ്ഥിരനിയമനമല്ല. ബ്രാഹ്‌മണരില്‍ നിന്നുള്ള വിഭാഗങ്ങളെയും ഒഴിവാക്കി നിര്‍ത്തുന്നതിനാല്‍ ജാതിവിവേചനമായി കണക്കാക്കേണ്ടതില്ല. 2015ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ശബരിമല മേല്‍ശാന്തി പദവി പൊതുവിലുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ മലയാള ബ്രാഹ്‌മണര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ അറിയിച്ചത്. എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയില്‍ ജനനത്തിന്റെ പേരിലല്ല മേല്‍ശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.

Top