Appointment of Kerala minister’s kin- CPM-forgot-simon Britto

സ്വന്തം വീട്ടിലേക്ക് ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്തുന്നത് പോലും മറന്ന്‌ മറ്റുള്ളവരുടെ കണ്ണുനീരൊപ്പാന്‍ ഓടുന്ന നിരവധി നല്ല കമ്മ്യൂണിസ്റ്റുകളുണ്ട് ഇപ്പോഴും കേരളത്തില്‍… കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അവസര വാദത്തിന്റെയും ഒന്നും നിഴല്‍പോലും പെടാത്തവര്‍…

ചെങ്കൊടിയുടെ പ്രത്യയ ശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചു എന്ന ഒറ്റ കാരണത്താല്‍ തെരുവില്‍ പിടഞ്ഞു വീണവരും ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷികളായ സൈമണ്‍ ബ്രിട്ടോയെപ്പോലെയും പുഷ്പനെ പോലെയുമുള്ളവരുമാണ് ഇവരുടെ ആവേശം.

‘ന്യൂജനറേഷന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും’ മക്കള്‍ രാഷ്ട്രീയക്കാര്‍ക്കും ഒരുപക്ഷേ ഇവരെ പുച്ഛമായിരിക്കും. എന്നാല്‍ കേരളത്തിലെ പൊതു സമൂഹം ഈ പാവപ്പെട്ട സഖാക്കളുടെ മനസ്സിനൊപ്പമാണ്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ മിന്നുന്ന ജയം.

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നേടിയ ഈ വിജയം നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും കച്ചവട താല്‍പ്പര്യത്തിന് വേണ്ടി ജനങ്ങള്‍ നല്‍കിയ അംഗീകാരമല്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ ഇല്ലാതാവണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല’ എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തന്നെ പരസ്യമായി പറഞ്ഞത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൂര്‍വ്വകാല ചരിത്രം അറിയാവുന്നതുകൊണ്ടാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച് പാകപ്പെടുത്തിയ മണ്ണില്‍ കച്ചവടത്തിന്റെ വിത്ത് പാകാന്‍ ഏത് കൊമ്പത്തെ നേതാവ് ശ്രമിച്ചാലും അത് വേരോടെ പിഴുതെറിയേണ്ട ചുമതല ഓരോ കമ്മ്യൂണിസ്റ്റ് അനുഭാവിക്കുമുണ്ട്. കാരണം നിങ്ങളുടെ വിയര്‍പ്പിന്റെ വില കൂടിയാണ് ഈ സര്‍ക്കാര്‍.

മന്ത്രി ഇ.പി. ജയരാജനടക്കമുള്ള ഉന്നത നേതാക്കളുടെ ബന്ധുക്കള്‍ അധികാര കേന്ദ്രങ്ങളിലെ ‘സൂപ്പര്‍ പവറാ’വുന്നത് ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നിലപാടിനെതിരാണ്. സ്വന്തം മകന്റെ കാര്യത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പി യുമൊക്കെയായ ശ്രീമതി ടീച്ചറും ജാഗ്രത പുലര്‍ത്തണമായിരുന്നു. ഈ പാര്‍ട്ടി നിങ്ങളെ മന്ത്രിയും എം.പിയുമൊക്കെ ആക്കിയതല്ലേ ഇനിയും എന്തിനാണ് അത്യാര്‍ത്തി?

ഈ സംഭവത്തിന് പിന്നാലെ മറ്റ് മൂന്ന് ബന്ധു നിയമനങ്ങള്‍ കൂടി വ്യവസായ വകുപ്പില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ അണികള്‍ ആവേശപൂര്‍വ്വം കാണുന്ന നേതാക്കളുടെ ബന്ധുക്കള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി പിന്‍വാതില്‍ നിയമനം തരപ്പെടുത്തിയ വാര്‍ത്തകളാണിപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

വ്യവസായ മന്ത്രിയുടെ വകുപ്പില്‍ നടന്ന പല നിയമനങ്ങളിലും മാനദണ്ഡങ്ങള്‍പോലും പാലിച്ചിട്ടില്ല എന്നതും അതീവ ഗൗരവകരമാണ്. നിറംപിടിച്ച അഴിമതി കഥകളും സ്വജനപക്ഷപാതത്തിന് പുറമെ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

പൊതുയോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും ആവേശ പ്രസംഗം നടത്തി അഴിമതിക്കും കുടുംബ വാഴ്ചയ്ക്കുമെതിരെ പ്രസംഗിക്കുന്ന നേതാക്കള്‍ സ്വന്തം ജീവിതത്തില്‍ പോലും അത് നടപ്പാക്കാന്‍ തയ്യാറാവാത്തത് എന്തായാലും സി.പി.എമ്മിനും ഇടത് സര്‍ക്കാരിനും അപമാനകരം തന്നെയാണ്.

ഈ പറയുന്ന മന്ത്രി ബന്ധുക്കള്‍ എന്നെങ്കിലും ചെങ്കൊടി പിടിച്ച് തെരുവില്‍ ഇറങ്ങിയിട്ടുണ്ടോ? എതിരാളികളുടേയോ പോലീസിന്റെയോ മര്‍ദ്ദനമേറ്റ് വാങ്ങിയിട്ടുണ്ടോ? ഇനിയതുമല്ലെങ്കില്‍ ഒരു പോസ്റ്ററെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പതിച്ചിട്ടുണ്ടോ? പാര്‍ട്ടി നേതൃത്വമാണ് ഇതിന് മറുപടി പറയേണ്ടത്.

മെരിറ്റാണ് നിയമനത്തിന്റെ മാനദണ്ഡമെങ്കില്‍ അത് പൂര്‍ണ്ണമായി പാലിക്കണം. ഇനി പാര്‍ട്ടി താല്‍പ്പര്യമാണ് പരിഗണിക്കുന്നതെങ്കില്‍ അത് അര്‍ഹതപ്പെട്ടവര്‍ക്കായിരിക്കണം. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം. എസ്.എഫ്.ഐ നേതാവായിരിക്കെ എതിരാളിയുടെ കത്തിമുനയില്‍ പിടഞ്ഞുവീണ് ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോയെ പോലെയുള്ള ധീരരുടെ കുടുംബാംഗങ്ങള്‍ ഇവിടെയുണ്ടെന്നോര്‍ക്കണം.

വീല്‍ ചെയറിലായിപ്പോയ വിപ്ലവ വീര്യത്തെ ഭര്‍ത്താവായി സ്വീകരിക്കാന്‍ തയ്യാറായി രംഗത്ത് വന്ന ഒരു പെണ്‍കുട്ടിയെ… സീനയെ… ഓര്‍മ്മയില്ലേ സഖാക്കള്‍ക്ക്…

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന സൈമണ്‍ ബ്രിട്ടോയെ ഭര്‍ത്താവായി സ്വീകരിച്ചത് ചുവപ്പന്‍ സ്വപ്നത്തോടുള്ള പ്രണയമായിരുന്നു. അല്ലാതെ നാളെ എന്തെങ്കിലുമാകാം എന്ന് കരുതിയല്ലല്ലോ? വരേണ്യവര്‍ഗ്ഗമായ നമ്പൂതിരി സമുദായത്തില്‍പ്പെട്ട ഈ പെണ്‍കുട്ടി കീഴാളന്റെ പ്രത്യയശാസ്ത്രം നെഞ്ചിലേറ്റിയതില്‍ സ്വന്തം സമുദായത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുപോലുമുണ്ടായ എതിര്‍പ്പുകള്‍ അക്കാലത്തെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഒരിക്കലും മറക്കാവുന്നതല്ല.

ത്യാഗനിര്‍ഭരമായ ജീവിതം നയിക്കുന്ന സീനക്ക് ഒരു ജോലി കൊടുക്കുന്ന കാര്യമെങ്കിലും ബന്ധുക്കളുടെ വക്കാലത്ത് എടുക്കുന്നതിന് മുന്‍പ് വകുപ്പ് മന്ത്രി ഓര്‍ക്കണമായിരുന്നു.

വിവാദ നിയമനത്തെക്കുറിച്ച് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിമാരുടെ മക്കളുടെ നിയമനവും ബന്ധുക്കളുടെ നിയമനവും രണ്ടാണെന്ന് പറഞ്ഞതും ശരിയായ നടപടിയല്ല. പിഎസ് സി ടെസ്റ്റ് നടത്തിയൊന്നുമല്ലല്ലോ ഇവിടെ നിയമനം നടക്കുന്നത്. അതുകൊണ്ട് തന്നെ മന്ത്രിയുടെ ബന്ധുക്കള്‍ക്ക് മെറിറ്റുണ്ടായാല്‍ പോലും പ്രസ്തുത വകുപ്പില്‍ നിയമനം ലഭിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്.

നിയമനം നടത്താന്‍ ചുമതലപ്പെട്ടവര്‍ വകുപ്പ് മന്ത്രിയുടെ ബന്ധുക്കള്‍ക്കല്ല പ്രാധാന്യം കൊടുക്കുക എന്ന് പറഞ്ഞാല്‍ അത് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? അതാത് വകുപ്പുകളുടെ നിയമനങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്ന് കോടിയേരി പറഞ്ഞത് യാഥാര്‍ത്ഥ്യമാണെങ്കില്‍ വിവാദ നിയമനങ്ങളെല്ലാം റദ്ദാക്കുന്നതിനാവശ്യമായ ഇടപെടലാണ് നടത്തേണ്ടത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്. അത് കേവലം ശ്രീമതി ടീച്ചറുടെ മകന്റെ കാര്യത്തില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്.

Team Express Kerala

Top