കണ്ണൂര്‍ വിസി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ആദ്യ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനാല്‍ പുനര്‍ നിയമനത്തിന് ഇത് ബാധകമല്ലെന്ന് കോടതി വിലയിരുത്തി.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ 4 വര്‍ഷത്തേക്ക് കൂടി പുനര്‍നിയമിച്ച നടപടിയില്‍ സര്‍വ്വകലാശാല ചട്ടങ്ങളുടെ ലംഘനം ഇല്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്. സര്‍ക്കാര്‍ നടപടി സര്‍വ്വകലാശാല ചട്ടത്തിന് വിരുദ്ധം ആണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

അറുപത് വയസാണ് വിസി നിയമനത്തിനുള്ള പരമാവധി പ്രായപരിധി, ഈ ചട്ടം ലംഘിച്ചു എന്നായിരുന്നു പരാതി. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി വ്യക്തമാക്കി. ചട്ട പ്രകാരമുള്ള 60 വയസ് എന്ന പ്രായപരിധിയും പ്രശ്‌നമല്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

Top