ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം; ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഇഡി ഹൈക്കോടതിയില്‍. ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി.

കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ്. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. ജൂഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ഇഡി വാദിച്ചു.

കമ്മിഷന്‍ രൂപീകരിച്ചുള്ള വിജ്ഞാപനം ഇഡി അന്വേഷണം തടസ്സപ്പെടുത്താനാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന് ഒന്നും ചെയ്യാനുള്ള അധികാരമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.

എന്നാല്‍ ജുഡിഷ്യല്‍ കമ്മിഷന് എതിരായ ഇഡി ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇഡി, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിന് എതിരെ ഹര്‍ജി നല്‍കാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രിയെ ഹര്‍ജിയില്‍ കക്ഷിയാക്കിയ നടപടിയും തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

 

Top