ഹരി എസ് കര്‍ത്തയുടെ നിയമനത്തില്‍ അതൃപ്തി വ്യക്തമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്ന പതിവില്ലെന്ന് സര്‍ക്കാര്‍. ബിജെപി സംസ്ഥാന സമിതിയംഗം ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പിഎയായുള്ള നിയമനത്തിന് സര്‍ക്കാറിന്റെ അതൃപ്തിയോടെയാണ് അനുമതി നല്‍കിയത്.

നിയമനത്തില്‍ പതിവ് തുടരുന്നതാകും ഉചിതമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഗവര്‍ണറുടെ താത്പര്യപ്രകാരമാണ് നിയമനമെന്നും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കി.

നിലവിലെ ഗവര്‍ണറുടെ കാലാവധി അവസാനിക്കുന്നത് വരെയാണ് നിയമനം. ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പിഎയായി നിയമിക്കണമെന്ന ഗവര്‍ണറുടെ ഓഫീസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഗവര്‍ണറുടെ സ്റ്റാഫംഗമായി ബിജെപി നേതാവിനെ നിയമിക്കാനുള്ള നീക്കത്തില്‍ പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി ആണെന്നായിരുന്നു യുഡിഎഫിന്റെ വിമര്‍ശനം. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ സ്റ്റാഫ് അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നത്.

Top