രാജ്ഭവനിലെ നിയമന വിവാദം;ഗവർണർക്കെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം:രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. രാജ് ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പോക്കറ്റടിക്കാർ പോക്കറ്റടിച്ച ശേഷം വഴി നീളെ കള്ളൻ വരുന്നു കള്ളൻ വരുന്നു എന്നു പറയുന്നത് പോലെയാണ് ഗവർണറുടെ നടപടികളെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ അഭിപ്രായപ്പെട്ടു. ഗവർണർമാർ നടത്തുന്ന തുടർച്ചയായ ഭരണഘടന നിലപാടുകളുടെ ഉദാഹരണമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗവർണറുടെ ഏകാധിപത്യ നിലപാടുകൾ. രാജ് ഭവനിൽ ഇരുന്ന് ഗവർണർ ചെയ്തു കൂട്ടിയിരിക്കുന്ന അഴിമതിയുടെയും ക്രമക്കേടുകളുടെയും തുടർച്ചയായ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ഇപ്പോൾ പുറത്ത് വന്നത് സാമ്പിൾ മാത്രമാണെന്നും ഗവർണറുടെ സ്വജനപക്ഷപാദത്തിന്‍റെ കൂടുതൽ തെളിവുകൾ ഇനിയും പുറത്തുവരുമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

സർക്കാറിന് ഇങ്ങനെ കത്ത് കൊടുക്കാൻ ഭരണഘടനയിലെ ഏത് വകുപ്പാണ് ഉള്ളതെന്ന് ചോദിച്ച ഷിജുഖാൻ, പാവപ്പെട്ട അനേകർ തൊഴിലിന് വേണ്ടി അന്വേഷിച്ച് നടക്കുമ്പോൾ തനിക്കിഷ്ടമുള്ളവർക്ക് ജോലി കൊടുക്കാനാണ് ഗവർണർ പറയുന്നതെന്നും ചൂണ്ടികാട്ടി. ഇത് സംഘപരിവാറിന്റെ ഏജൻസി പണിയെടുക്കാനുള്ള സ്ഥലമല്ലെന്നും പദവിയല്ലെന്നും ഗവർണർ ഓ‍ർമ്മിക്കണം. തനിക്കിഷ്ടപ്പെട്ടവർക്ക് ഇഷ്ടപ്പെട്ട പോസ്റ്റ് സൃഷ്ടിക്കുന്ന ഗവർണർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. കത്ത് കൊടുത്ത ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും ഷിജൂഖാൻ ആവശ്യപ്പെട്ടു.

Top