തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന കൊളീജിയം; ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമ ഭേദഗതിക്ക് സ്റ്റേയില്ല

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന കൊളീജിയത്തില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമ ഭേദഗതിക്ക് സ്റ്റേയില്ല. നിയമ നിര്‍മ്മാണം നടപ്പാക്കുന്നതിന് സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അധികാര വികേന്ദ്രീകരണമെന്ന തത്വത്തിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

പുതിയ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയായ അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്ന് ഠാക്കൂറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭരണഘടനയുടെ 14, 21, 50, 324 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും മധ്യപ്രദേശ് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഠാക്കൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം താക്കൂര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് പരിഗണിച്ചത്. ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിനുള്ള ഒരു കമ്മിറ്റിയില്‍ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് പുതിയ നിയമം.

Top