പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന്‌ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്‍റിന്  അപേക്ഷ ക്ഷണിച്ചു. ഇന്ന്‌ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.  കമ്യൂണിറ്റി ക്വാട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് പൂർത്തിയായി. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്‍റ്.

മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കുമാണ് അവസരം. സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ വേക്കന്‍സിയും നിര്‍ദേശങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.Kerala.gov.in എന്ന അഡ്മിഷന്‍ ഗേറ്റ് വെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയതോ, അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാജരാകാതിരുന്നവരോ, ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷിക്കാനാകില്ല.

അതേസമയം അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങളിലെ പിശക് മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നാളെ മുതല്‍ ഒക്ടേബര്‍ 28 വരെ പുതുക്കിയ അപേക്ഷ ഫോറം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Top