ചൈനീസ് ആപ്പുകള്‍ക്ക് ബദലായി ഇന്ത്യന്‍ ആപ്പുകള്‍; ലഭിച്ചത് 7000 അപേക്ഷകള്‍ എന്ന് കേന്ദ്രം

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനീസ് ആപ്പുകളെ നിരോധിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ചൈനീസ് ആപ്പുകള്‍ക്ക് ബദലായുള്ള മികച്ച ഇന്ത്യന്‍ ആപ്പുകള്‍ കണ്ടെത്തുന്ന ഉദ്യമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഇതിലേക്കായി ലഭിച്ച 7000 അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ഡിജിറ്റല്‍ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ചിന്റെ ഭാഗമായാണ് അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ആഭ്യന്തര ഡിജിറ്റല്‍ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ആപ്പുകള്‍ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അതിര്‍ത്തിയിലെ സംഘര്‍ഷം മുറുകുന്നതിന്റെ പശ്ചാത്തലത്തില്‍ 224 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക് ഉള്‍പ്പെടെ ജനങ്ങള്‍ ഏറെ ഉപയോഗിച്ചിരുന്ന ചൈനീസ് ആപ്പുകള്‍ നിരോധിച്ചവയില്‍ പെടുന്നു. രാജ്യ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചൈനീസ് ആപ്പുകള്‍ക്ക് എതിരെയുള്ള നടപടി.
ഇതിന് പിന്നാലെയാണ് മികച്ച ഇന്ത്യന്‍ ആപ്പുകള്‍ കണ്ടെത്തുന്നതിനുളള ശ്രമം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വിവര സാങ്കേതികവകുപ്പ് മന്ത്രാലയത്തിന് 7000 അപേക്ഷകളാണ് ലഭിച്ചത്.

Top