എച്ച്1- ബി വീസ : അപേക്ഷകള്‍ തിരിച്ചയച്ചതായി യുഎസ് അധികൃതര്‍

വാഷിംഗ്ടണ്‍ : ഏപ്രിലില്‍ നടത്തിയ കംപ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പില്‍ തിരസ്‌കരിക്കപ്പെട്ട , എച്ച്1- ബി വീസ അപേക്ഷകള്‍ തിരിച്ചയച്ചതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് തിരിച്ചയച്ചതിലുള്ളത്. വിദേശങ്ങളില്‍നിന്നുള്ള സാങ്കേതിക നൈപുണ്യമുള്ളവരെ ജോലിക്കെടുക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച്1-ബി.

ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിനു ജീവനക്കാരെ ഇപ്രകാരം എടുക്കാന്‍ യുഎസ് കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നു. ജനറല്‍ വിഭാഗത്തില്‍ 94,213 അപേക്ഷകളും, അഡ്വാന്‍സ്ഡ് ഡിഗ്രി വിഭാഗത്തില്‍ 95,885 അപേക്ഷകളും ഇത്തവണ ലഭിച്ചിരുന്നു. ഇവയില്‍ ജനറല്‍ വിഭാഗത്തില്‍ 65,000 പേര്‍ക്കും അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ 20,000 പേര്‍ക്കും വീസ നല്‍കാനേ വ്യവസ്ഥയുള്ളൂ. ഇതുമൂലമാണു കംപ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പ് നടത്തിയത്.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ എച്ച്1-ബി അപേക്ഷകള്‍ ലഭിക്കുന്നത്. 2007-17 കാലയളവില്‍ 22 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തങ്ങള്‍ക്കു ലഭിച്ചതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

Top