യു.എ.ഇയിലെ മലയാളി എഴുത്തുകാർക്കുള്ള ഹരിതം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഷാര്‍ജ: യു.എ.ഇയിലെ മലയാളി എഴുത്തുകാര്‍ക്കായി ഹരിതം ബുക്സ്, ഷാര്‍ജ – ഹരിതം പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. 24 വര്‍ഷങ്ങള്‍ കൊണ്ട് 2800-ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച തായാട്ട് പബ്ലിക്കേഷന്‍സിന്‍റെ ഹരിതം ബുക്സ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തുപേര്‍ക്കായിരിക്കും പുരസ്കാരം. ഇതേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനകള്‍ പുരസ്കാരത്തിനായി അയയ്ക്കാം.

നോവല്‍, കഥ, കവിത, യാത്രാവിവരണം, അനുഭവങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ, ജീവചരിത്രം, വൈജ്ഞാനിക സാഹിത്യം, പാചകം തുടങ്ങി ജീവിതത്തിന്‍റെ സമസ്ത മേഖലകളിലെയും രചനകള്‍ പുരസ്കാരത്തിനായി അയയ്ക്കാം. എഴുത്തുകാരുടെ ബയോഡേറ്റയും ഒപ്പം ചേര്‍ക്കേണ്ടതാണ്. നവാഗത എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ പുരസ്കാരങ്ങളില്‍ നിശ്ചിതശതമാനം അവര്‍ക്കായി മാറ്റിവയ്ക്കുന്നതാണ്. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്.

2022-ലെ ഷാര്‍ജ പുസ്തകോത്സവത്തില്‍ പുരസ്കാരപ്രഖ്യാപനവും പുരസ്കാരദാനവും നടക്കും. ഫലകം, പ്രശസ്തിപത്രം എന്നിവയോടൊപ്പം അയ്യായിരം രൂപയുടെ ഹരിതം പുസ്തകങ്ങളുമായിരിക്കും പുരസ്കാരമായി നല്‍കുക. കേരളത്തിലെ പ്രമുഖ എഴുത്തുകാരടങ്ങുന്ന സമിതി പുരസ്കാരനിര്‍ണയം നടത്തും.

Top