അപേക്ഷ പരിഗണിച്ചു; ആനിശിവയ്ക്ക് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റം

കൊല്ലം: വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനിശിവയ്ക്ക് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റം. നേരത്തെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം അനുവദിച്ചത്. കൊച്ചിയില്‍ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച് ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പരിഗണിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു വാര്‍ത്തകളിലൂടെ ആനി ശിവ കേരളക്കരയ്ക്ക് പ്രിയപ്പെട്ടവളായി മാറിയത്. തന്റെ ജീവിത പ്രതിസന്ധികളോട് പൊരുതി വിജയം സ്വന്തമാക്കിയ ആനി ശിവയുടെ സ്ഥലം മാറ്റം അപേക്ഷ പരിഗണിച്ചിരിയ്ക്കുകയാണ് ഡിജിപി. തിരുവനന്തപുരം റേഞ്ചില്‍നിന്ന് കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കര്‍ ഇറക്കുകയായിരുന്നു. ആനിയുടെ ജീവിതമറിഞ്ഞ് സിനിമാ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരുന്നത്.

ആനി പഠിച്ചുവളര്‍ന്ന വര്‍ക്കലയിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചതും മകനുമായി കഷ്ടപ്പെട്ട് പഠിക്കുകയും പരീക്ഷ എഴുതി എസ്‌ഐ പോസ്റ്റ് നേടിയെടുത്തതും വരെയുള്ള പരിശ്രമങ്ങളുടെ കഥ സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു.

Top