കുറഞ്ഞ വിലയില്‍ ആപ്പിളിന്റെ പുതിയ വിഷന്‍ പ്രോ പതിപ്പ്; ലക്ഷ്യം ആപ്പിളിന്റെ സാധാരണ ഉപഭോക്താക്കള്‍

ആപ്പിളിന്റെ പുതിയ വിഷന്‍ പ്രോ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ആപ്പിളിന്റെ നൂതന സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ചുള്ള ഈ ഉപകരണം പക്ഷെ സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതല്ല. 2.88 ലക്ഷം രൂപയാണ് ഇതിന് വിലവരുന്നത്. എന്നാല്‍ വിഷന്‍ പ്രോയുടെ ഒരു വില കുറഞ്ഞ പതിപ്പ് അവതരിപ്പിക്കാനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് പുറത്തിറങ്ങണമെങ്കില്‍ ഇനിയും ഏറെ സമയമെടുക്കും.

ആപ്പിള്‍ വിഷന്‍ വണ്‍ എന്ന പേരിലായിരിക്കും ഈ ഹെഡ്സെറ്റ് പുറത്തിറക്കുക എന്നാണ് ആപ്പിള്‍ അനലിസ്റ്റായ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. വിഷന്‍ പ്രോയിലെ ചില ഫീച്ചറുകള്‍ ഒഴിവാക്കിക്കൊണ്ടായിരിക്കും ഈ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിക്കുക. 2025 അവസാനത്തോടെയാവും ഇത് അവതരിപ്പിക്കാന്‍ സാധ്യതയെന്നും ഗുര്‍മന്‍ പറയുന്നു.

അദ്ദേഹം നല്‍കുന്ന വിവരം അനുസരിച്ച് രൂപകല്‍പ്പനയിലും നിര്‍മിതിയിലും വിട്ടുവീഴ്ചകള്‍ ചെയ്താവും ആപ്പിള്‍ വിഷന്‍ വണ്‍ അവതരിപ്പിക്കുക. പ്രീമിയം നിര്‍മാണ രീതിയാണ് വിഷന്‍ പ്രോയില്‍ ആപ്പിള്‍ സ്വീകരിച്ചിരിക്കുന്നത്. മെറ്റല്‍ മെറ്റല്‍ ഫിനിഷില്‍ നിര്‍മിച്ചതാണ് വിഷന്‍ പ്രോ. ഓഡിയോ സംവിധാനമില്ലാത്ത ഹെഡ്ബാന്റ് ആയിരിക്കും ഇതിന്.

അതായത് ശബ്ദത്തിന് വേണ്ടി ഉപഭോക്താക്കള്‍ ആപ്പിള്‍ എയര്‍പോഡുകള്‍ ധരിക്കേണ്ടതായി വരും. വിഷന്‍ പ്രോയിലുള്ള 3ഡി ക്യാമറയും ആപ്പിള്‍ വിഷന്‍ വണില്‍ ഒഴിവാക്കിയേക്കാം. വരും വര്‍ഷങ്ങളില്‍ പുതിയ എം സീരീസ് പ്രൊസസര്‍ ചിപ്പുകള്‍ പുറത്തിറങ്ങിയാലും. ഇപ്പോള്‍ വിഷന്‍ പ്രോയില്‍ ഉപയോഗിച്ചിട്ടുള്ള എം2 പ്രൊസസര്‍ ചിപ്പ് ആയിരിക്കും ആപ്പിള്‍ വിഷന്‍ പ്രോയില്‍. സ്‌ക്രീനിന്റെ ഗുണമേന്മ, ക്യാമറകള്‍ എന്നിവയെല്ലാം മാറ്റിയേക്കാം.

ധരിച്ചിരിക്കുന്ന ആളിന്റെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്ന ഐസൈറ്റ് ഫീച്ചര്‍, ഐ ട്രാക്കിങ് ഹാന്റ് ട്രാക്കിങ് പോലുള്ള സുപ്രധാന സൗകര്യങ്ങളും വില കുറഞ്ഞ പതിപ്പില്‍ നിന്ന് ഒഴിവാക്കിയേക്കാമെന്നും ഗുര്‍മന്‍ പറയുന്നു.

വില കുറവാണെന്ന് പറയുന്നുവെങ്കിലും അത് എത്രയായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ അത് 1.5 ലക്ഷത്തിലേക്ക് എങ്കിലും കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഐഫോണ്‍ പ്രോ മാക്സ്, മാക്ക്ബുക്ക് പ്രോ 14 ഉപഭോക്താക്കളെ പോലുള്ളവര്‍ക്ക് ഹെഡ്സെറ്റ് വാങ്ങാനാവും.

അതേസമയം വിഷന്‍ പ്രോയുടെ തന്നെ രണ്ടാം പതിപ്പിന് വേണ്ടിയുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ടെന്നും ഗുര്‍മന്‍ ചൂണ്ടിക്കാണിക്കുന്നു. യഥാര്‍ത്ഥ പതിപ്പിന്റെ വലിപ്പം കുറയ്ക്കാനുള്ള ശ്രമം ഇതിലുണ്ടായേക്കും.

Top