ആപ്പിളിന്റെ ആദ്യ ഓവർ-ഇയർ ഹെഡ്ഫോണ്‍ ഈ മാസം 15 മുതൽ ഇന്ത്യൻ വിപണിയിൽ

മാസം 15 മുതൽ ഇന്ത്യയിൽ വില്പന ആരംഭിക്കുന്ന ആപ്പിൾ ആദ്യമായി പുറത്തിറക്കിയ ഓവർ-ഇയർ ഹെഡ്ഫോണായ എയർപോഡ്‌സ് മാക്സിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. സോണി, ബോസ്, ജാബ്ര, സെൻഎയ്സർ തുടങ്ങിയ വമ്പന്മാരുമായി മത്സരിക്കാൻ എത്തിയ എയർപോഡ്‌സ് മാക്സ് ഉയർന്ന ഫിഡിലിറ്റി ഓഡിയോ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചെവിക്ക് ചുറ്റുമുള്ള മഷീൻഡ് അലുമിനിയം ഇയർകപ്പുകൾ പ്രത്യേകമായി തയ്യാറാക്കിയ സസ്പെൻഷൻ സിസ്റ്റത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇത് സ്റ്റെയിൻ‌ലെസ്-സ്റ്റീൽ ഹെഡ്‌ബാൻഡിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

എയർപോഡ്സ് മാക്‌സിന്റെ ഇയർകപ്പുകളിൽ ഘടിപ്പിച്ചിരിക്കുന്ന മാഗ്നെറ്റിക് കുഷ്യൻ മികച്ച ശബ്ദതോടൊപ്പം പുറത്തെ ശബ്ദങ്ങൾ അകത്തേക്ക് വരാതെ പരമാവധി പ്രതിരോധിക്കുകയും ചെയ്യും. ഹെഡ് ബാന്റിന് നിറ്റ് മെഷ് ആവരണമുണ്ട്. അമേരിക്കൻ വിപണിയിൽ 549 ഡോളർ (ഏകദേശം 40,500 രൂപ) വില വരുന്ന എയർപോഡ്‌സ് മാക്‌സിന് 59,900 രൂപയാണ് ഇന്ത്യയിലുണ്ടാകുക.

ആപ്പിൾ പ്രത്യേകം തയ്യാറാക്കിയ ഫ്ലാപ് ഓപ്പൺ ‘സ്മാർട്ട്’ കേസിലാണ് എയർപോഡ്‌സ് മാക്സ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഒപ്പം യുഎസ്ബി-സി ലൈറ്റ്നിംഗ് കേബിളുമുണ്ടാവും. പിങ്ക്, ഗ്രീൻ, ബ്ലൂ, സ്പേസ് ഗ്രേ, സിൽവർ എന്നീ 5 നിറങ്ങളിൽ എയർപോഡ്‌സ് മാക്സ് ലഭ്യമാണ്. എയർപോഡ്സ് മാക്സിൽ കസ്റ്റം 40 എംഎം ഡൈനാമിക് ഡ്രൈവറുകളും പ്രൊപ്രൈറ്ററി H1 ചിപ്പും ഘടിപ്പിച്ചിരിക്കുന്നു. ഹെഡ്‌ഫോണുകളിൽ മൊത്തം ഒൻപത് മൈക്രോഫോണുകളുണ്ട്, അവയിൽ എട്ട് എണ്ണം എല്ലാ ദിശകളിൽ നിന്നും ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) സപ്പോർട്ട് ചെയ്യും. ആപ്പിളിന്റെ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകളായ എയർപോഡ്സ് പ്രോയ്ക്ക് സമാനമായ സിംഗിൾ-ബട്ടൺ പ്രസ് ട്രാൻസ്പാരൻസി മോഡ് എയർപോഡ്സ് മാക്സിലുണ്ട്. ബ്ലൂടൂത്ത് വി5 ആണ് കണക്ടിവിറ്റി ഓപ്ഷൻ.

Top