ആപ്പിള്‍ വാച്ച് സീരീസ് 3 ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തും

പ്പിള്‍ സ്മാര്‍ട്ട്‌വാച്ചുകളുടെ ഏറ്റവും പുതിയ പതിപ്പായ ആപ്പിള്‍ വാച്ച് സീരീസ് 3 ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഏറെ പുതുമകളോടെയായിരിക്കും പുതിയ വാച്ച് എത്തുകയെന്നാണ് വിവരം.

ഫോണിന്റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ പുതിയ ആപ്പിള്‍ വാച്ചുകള്‍ക്ക് സാധിക്കും. ഇതിനായി സെല്ലുലാര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനാവുന്ന എല്‍ടിഇ കണക്റ്റിവിറ്റിയും വാച്ചിലുണ്ടാവുമെന്നും പ്രമുഖ ടെക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ആണ് പുതിയ ആപ്പിള്‍ വാച്ചിന് ആവശ്യമായ എല്‍ടിഇ മോഡം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ആപ്പിള്‍ വാച്ച് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി അമേരിക്കയിലേയും യൂറോപ്പിലേയും നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ആപ്പിളിന്റെ മൂന്നാം പരമ്പര വാച്ചുകളില്‍ സെല്ലുലാര്‍ സേവനമുണ്ടാവുമെന്നും അതില്‍ സിംകാര്‍ഡ് ഉപയോഗിക്കാനാവുമെന്നുമുള്ള അഭ്യൂഹങ്ങള്‍ വളരെ മുമ്പ് തന്നെ പ്രചരിച്ചിരുന്നു. അതേസമയം എല്‍ടിഇ സൗകര്യത്തോടെയുള്ള ആപ്പിള്‍ വാച്ചിന്റെ ബാറ്ററി ദൈര്‍ഘ്യം എങ്ങനെയായിരിക്കുമെന്ന സംശയവും ടെക്ക് ലോകം പ്രകടിപ്പിക്കുന്നുണ്ട്.

4ജി സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വാച്ച് നേരത്തെ സാംസങ് പുറത്തിറക്കിയിട്ടുണ്ട്. 4 ജി സൗകര്യം വരുന്നതോടെ മെസേജിങ്, മ്യൂസിക് സ്ട്രീമിങ്, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഫോണിന്റെ സഹായമില്ലാതെ തന്നെ ആപ്പിള്‍ വാച്ചില്‍ സാധിക്കും.

Top