ആപ്പിൾ വാച്ച് പൊട്ടിത്തെറിച്ച് അപകടങ്ങൾ; പരക്കെ വിമർശനം

പ്പിള്‍ വാച്ച് സീരീസ് 3യുടെ രൂപകല്‍പനയില്‍ അപാകതയുണ്ടെന്നും ബാറ്ററിക്ക് വികസിക്കാന്‍ ഇടം നല്‍കിയിട്ടില്ലെന്നും ഇതിനാല്‍ ഡിസ്‌പ്ലേ പൊട്ടാമെന്നും ആരോപണം. വാച്ചിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് തന്റെ കൈ ഞരമ്പ് പൊട്ടിയെന്ന് ആരോപിച്ച് കേസ് കൊടുത്തിരിക്കുകയാണ് അമേരിക്കയിലുള്ള ആപ്പിള്‍ വാച്ച് ഉപയോക്താവ്.

വടക്കന്‍ കലിഫോര്‍ണിയയിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ ക്രിസ് സ്മിത്ത് എന്ന ഉപയോക്താവാണ് തന്റെ കൈക്ക് ബാറ്ററി വികസിച്ചതിനാല്‍ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റു എന്ന് പരാതി നല്‍കിയത്. ആപ്പിള്‍ വാച്ച് സീരീസ് 3യുടെ ഡിസൈനിനെതിരെ സ്മിത്തിനെ കൂടാതെ നാലു പേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ വാച്ച് സീരീസ് 3യുടെ രൂപകല്‍പനാ പിഴവു മൂലം ഉപയോക്താക്കള്‍ക്ക് അപകടം സംഭവിക്കാനിടയുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ വാച്ചിന്റെ ബോഡിക്കും ഗ്ലാസിനുമിടയില്‍ ഇരിക്കുന്ന ബാറ്ററിക്ക് വികസിക്കാന്‍ ആവശ്യത്തിന് ഇടം നല്‍കിയിട്ടില്ല എന്നാണ് പരാതിക്കാര്‍ പറയുന്നത്. അതുപോലെത്തന്നെ വാച്ചിന്റെ ബാറ്ററി വികസിക്കുന്ന പ്രശ്‌നം ആപ്പിളിന് വില്‍ക്കുന്നതിനു മുൻപ് തന്നെ അറിയാമായിരുന്നു എന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

ബാറ്ററി വികസിക്കുമ്പോള്‍ മര്‍ദം വാച്ചിന്റെ ഗ്ലാസ് ഇരിക്കുന്നിടത്തേക്കാണ് വരിക. അപ്പോള്‍ ഗ്ലാസ് ഇളകിപ്പോകുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യാം. താന്‍ ഗോള്‍ഫ് കോര്‍ട്ടില്‍ ഇരിക്കുമ്പോഴാണ് ഗ്ലാസ് തകര്‍ന്ന് കഷണങ്ങള്‍ സ്റ്റിയറിങ് വീലില്‍ വീണ് കൈ മുറിഞ്ഞതെന്നാണ് സ്മിത്ത് പറയുന്നത്.

എന്നാൽ തങ്ങളുടെ വാച്ച് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതിലും മറ്റും വളരെയധികം ശ്രദ്ധപുലര്‍ത്താറുണ്ട് എന്നാണ് കമ്പനി പറയുന്നത്.വാച്ചിനുള്ളിലിരിക്കുന്ന സെന്‍സര്‍ അമിതമായി ചൂടാകുന്നതായിരിക്കാം പ്രശ്‌നകാരണമെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു. ഇത് തന്റെ ത്വക്കില്‍ ചൂടുണ്ടാക്കുന്നു എന്നാണ് അയാള്‍ ആരോപിക്കുന്നത്.

Top