ഇന്ത്യയില്‍ ഐഫോണ്‍ 14 നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ഐഫോണ്‍ 14 നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങി ആപ്പിള്‍. ചെന്നൈക്ക് സമീപമുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഫോണിന്റെ നിര്‍മ്മാണം നടത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നേരത്തെയാണ് ഈ വര്‍ഷത്തെ ഐഫോണ്‍ മോഡല്‍ തയ്യാറാക്കുന്നത്. 2025ഓടു കൂടി ഐഫോണ്‍ ഉത്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഐഫോണ്‍ 14 നിര്‍മ്മാണം ഇന്ത്യയില്‍ നേരത്തെ തന്നെ ആരംഭിക്കുന്നത്.

ശ്രീപെരുമ്പത്തൂരില്‍ നിര്‍മ്മിക്കുന്ന ഐഫോണ്‍ 14 മോഡലുകള്‍ പിന്നീട് കയറ്റുമതി ചെയ്യും. ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്നാണ് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. അത്യാധുനിക ടെക്‌നോളജികളും ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനങ്ങളും ഇതിന്റെ ഭാഗമാകുമെന്നും കമ്പനി അവകാശപെടുന്നു. ഐഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ എസ്‌ഇ തുടങ്ങി നിരവധി ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്.

വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവരുമായി ചേര്‍ന്നാണ് രാജ്യത്ത് ആപ്പിളിന്റെ പ്രവര്‍ത്തനം. കേന്ദ്രസര്‍ക്കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുമായി നേരിട്ട് ബന്ധപ്പെട്ടായിരിക്കും ഐഫോണ്‍ 14ന്റെ നിര്‍മ്മാണം. ഈ മാസം ആദ്യം പുറത്തിറക്കിയ ഐഫോണ്‍ 14ന്റെ വില 79,900 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഐഫോണ്‍ 14ന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഇന്ത്യയില്‍ ഐഫോണ്‍ 14 നിര്‍മ്മിക്കുന്നതു വഴി ഇറക്കുമതി തീരുവയില്‍ 20 ലാഭിക്കാന്‍ ആപ്പിളിന് സാധിക്കും. പിന്നീട് ആപ്പിളിന്റെ വിലയിലും മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. എന്നാല്‍ ഉടനെ തന്നെ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Top