ബെംഗളൂരുവിൽ സ്ഥലം വാടകയ്‌ക്കെടുത്ത് ആപ്പിൾ; കബ്ബൺ റോഡിന് സമീപം 1.16 ലക്ഷം ചതുരശ്രയടി

ബംഗളുരു: ബംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള കബ്ബൺ റോഡിന് സമീപമുള്ള 1.16 ലക്ഷം ചതുരശ്ര അടി വാണിജ്യ സ്ഥലം വാടകയ്ക്ക് എടുത്ത് ടെക് ഭീമൻ ആപ്പിൾ. 10 വർഷത്തേക്ക് പ്രതിമാസം 2.43 കോടി രൂപയ്ക്കാണ് സ്ഥലം കരാറായത്.

പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്‌റ്റുകളുടെ വാണിജ്യ കെട്ടിടമായ പ്രസ്റ്റീജ് മിൻസ്‌ക് സ്‌ക്വയറിലെ നാലാമത്തെയും ആറാമത്തെയും നിലകളുടെ ഒരു ഭാഗത്തോടൊപ്പം ഏഴ്, എട്ട്, ഒമ്പത് നിലകളും കമ്പനി പാട്ടത്തിനെടുത്തിട്ടുണ്ട്. കാർ പാർക്കിങ്ങിന് പ്രതിമാസം 16.56 ലക്ഷം രൂപയും കമ്പനി നൽകും.

മൂന്ന് വർഷം കൂടുമ്പോൾ വാടക 15 ശതമാനം വീതം വർധിപ്പിക്കും. അഞ്ച് വർഷം വീതമുള്ള മൂന്ന് അധിക കാലാവധികളിലേക്ക് പാട്ടം പുതുക്കാൻ കമ്പനിക്ക് അവസരമുണ്ട്. 2022 നവംബർ 28-നായിരുന്നു കരാർ ചർച്ചകൾ തുടങ്ങിയത്. 2023 ജൂലൈ 1-നാണ് വാടക കരാർ ആരംഭിക്കുക.

അതേസമയം, ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോർ ആരംഭിക്കുന്നത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. ആപ്പിള്‍ ബി.കെ.സി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്ത മാസത്തോടു കൂടി സ്റ്റോർ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല. ആപ്പിള്‍ ബി.കെ.സിയുടെ ചിത്രം വെബ്സൈറ്റിൽ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് കാരണം 2021 ലെ ലോഞ്ച് പ്ലാനുകൾ വൈകിയതോടെ രാജ്യത്ത് റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിൽ ആപ്പിൾ തടസ്സങ്ങൾ നേരിട്ടിരുന്നു. അതേസമയം, ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വർഷങ്ങളായി Amazon.com Inc, Walmart Inc ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റീസെല്ലർമാർ വഴിയും വിൽക്കുന്നു.

Top