Apple i phone in new style

ഐഫോണിന്റെ രൂപഭാവങ്ങളില്‍ കാര്യമായൊരു മാറ്റത്തിന് ഒരുങ്ങുകയാണ് ആപ്പിള്‍. അലുമിനിയത്തിന് പകരം, പൂര്‍ണമായും ഗ്ലാസില്‍ നിര്‍മ്മിച്ച പുറംചട്ടയുമായായിരിക്കും 2017 ല്‍ ഐഫോണ്‍ ഇറങ്ങുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പല പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അലുമിനിയം ഡിസൈനിലേയ്ക്ക് ചുവടുമാറുന്ന സാഹചര്യത്തിലാണ് ഗ്ലാസ് ഉപയോഗിച്ചുള്ള രൂപകല്‍പനയിലേയ്ക്ക് ആപ്പിള്‍ കടക്കുന്നത്. വ്യത്യസ്തമായിരിക്കുക എന്ന ആപ്പിളിന്റെ നയം തന്നെയാണ് ഇതിനുപിന്നിലും എന്നാണ് സൂചന.

കെ.ജി.ഐ. വിശകലന വിദഗ്ദ്ധന്‍ മിംഗ്ചി ക്വോ ആണ് ആപ്പിളിന്റെ പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. പൂര്‍ണമായും ഉപയോഗിച്ച് എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കും എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

മുമ്പ് ഐഫോണ്‍ 4ന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ചിരുന്നു. എന്നാല്‍ ഇരു ഭാഗങ്ങളെയും സ്റ്റീല്‍ ബാന്‍ഡ് ഉപയോഗിച്ച് ബന്ധിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. അമോലെഡ് ( AMOLED) ഡിസ്‌പ്ലേയോടു കൂടിയാകും പുതിയ ഐഫോണ്‍ പുറത്തിറങ്ങുക.

ഗ്ലാസ് നിര്‍മിതമായ പുറംചട്ട വരുന്നതോടെ ഫോണിന് നേരിയതോതില്‍ ഭാരം വര്‍ദ്ധിക്കാനിടയുള്ളതുകൊണ്ട് കട്ടിയും ഭാരവും വളരെ കുറഞ്ഞ ഡിസ്‌പ്ലേയായിരിക്കും ഉപയോഗിക്കുക. ഒഎല്‍ഇഡി ഡിസ്‌പ്ലേ പാനലുകള്‍ക്ക് നല്‍കുന്നതിന് സാംസങ്ങുമായി ആപ്പിള്‍ കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോണ്‍ 7ല്‍ ഈ വര്‍ഷം കാര്യമായ ഡിസൈന്‍ മാറ്റങ്ങളൊന്നും വരുത്താനിടയില്ലെന്ന് മിംഗ്ചി ക്വോ പറയുന്നു. ഐഫോണ്‍ എക്‌സ് എന്ന പേരില്‍ പുതിയ ഫോണ്‍ വിപണിയിലെത്താനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പുതിയ ഐഫോണിനെക്കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top