ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി ഇനി ആപ്പിളല്ല

ലോകത്തെ ഏറ്റവും വില കൂടിയ കമ്പനി ഏതാണെന്ന് ചോദിച്ചാൽ കഴിഞ്ഞ ആഴ്ച വരെ യാതൊരു സംശയവുമില്ലാതെ പറയാമായിരുന്നു ഐ ഫോണിന്റെ മാതാവായ ആപ്പിൾ എന്ന്. പക്ഷേ ആപ്പിളിനെയും മറികടന്ന് ഇപ്പോൾ അമേരിക്കയിൽ നിന്ന് പുറത്തുള്ളൊരു കമ്പനി ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയിരിക്കുകയാണ്. ക്രൂഡോയിൽ ഉത്പാദന കമ്പനിയായ സൗദി അരാംകോയാണ് അമേരിക്കൻ ടെക് ഭീമനെ മറിക്കടന്നിരിക്കുന്നത്. യുക്രൈൻ-റഷ്യ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയർന്നതാണ് സൗദി അരാംകോയ്ക്ക് ഗുണമായത്. കോവിഡും യുദ്ധവും വിൽപ്പനയെ പ്രതികൂലമായി ബാധിച്ചത് ആപ്പിളിനെ പിറകോട് അടിപ്പിച്ചു.

2.43 ട്രില്യൺ ഡോളറാണ് കഴിഞ്ഞ ആഴ്ചത്തെ അരാംകോയുടെ വിപണി മൂല്യം. അതേസമയം ആപ്പിളിന്റെ വിപണിമൂല്യം അഞ്ച് ശതമാനം കുറഞ്ഞ് 2.37 ട്രില്യൺ ഡോളറിലെത്തി. ചൈനയിൽ ഇപ്പോഴും തുടരുന്ന കോവിഡ് ലോക്ക്‌ഡൌൺ ആപ്പിളിന്റെ സപ്ലെ ചെയിനിനെ ബാധിച്ചതും അവർക്ക് തിരിച്ചടിയായി.

ടെക് കമ്പനികൾക്കെല്ലാം ഈ വർഷം ആരംഭിച്ചത് മുതൽ അത്രനല്ല കാലമല്ല. മിക്ക ടെക് കമ്പനികളുടെയും ഓഹരി മൂല്യത്തിൽ ഇടിവ് നേരിട്ടു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 20 ശതമാനം ഇടിവാണ് ആപ്പിളിന്റെ ഓഹരി വിലയിലുണ്ടായത്. അതേസമയം അരാംകോയുടെ ഓഹരി വില 27 ശതമാനം ഉയർന്നു.

റഷ്യ-യുക്രൈൻ യുദ്ധം സൃഷ്ടിച്ച അനിശ്ചിതാവസ്ഥ തുടരുകയും എണ്ണ ഉപയോഗം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾ ഇനിയും നേട്ടമുണ്ടാക്കാനാണ് സാധ്യത.2020 ൽ അരാംകോയെ മറികടന്നാണ് ആപ്പിൾ ഒന്നാം സ്ഥാനത്തെത്തിയത്. അതാണ് ഇപ്പോൾ അരാംകോ തിരിച്ചുപിടിച്ചത്.

Top