ജീവനക്കാർക്കായി മാസ്ക് പുറത്തിറക്കി ആപ്പിൾ

ജീവനക്കാര്‍ക്ക് വേണ്ടി മാസ്ക് തയ്യാറാക്കി ആപ്പിൾ. ഐഫോണ്‍ ഡിസൈനര്‍മാര്‍ തയ്യാറാക്കിയ ആപ്പിള്‍ മാസ്‌കിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്ത്‌ വിട്ടത് അണ്‍ബോക്‌സ് തെറാപ്പി എന്ന് പേരുള്ള യൂട്യൂബ് പേജാണ്. മൂന്ന് ലെയര്‍ ഫില്‍ട്രേഷനുള്ള മാസ്ക് ആണ് ആപ്പിള്‍ മാസ്ക് എന്ന് ചാനലില്‍ പറയുന്നു.

അഞ്ച് മാസ്കുകളുടെ ഒരു സെറ്റ് ആയാണ് ആപ്പിള്‍ മാസ്കിന്റെ പാക്കിങ് വരുന്നത്. ഇത് ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കാവുന്നതാണ്. മുക്കും, താടിയുടെ അടിഭാഗവും നന്നായി മൂടും വിധമാണ് മാസ്കിന്റെ 3 പീസ് ഡിസൈന്‍. സാധാരണ മാസ്കിന്റെ വള്ളിയേക്കാള്‍ ശക്തമാണ് ആപ്പിള്‍ മാസ്കിന്റെ വള്ളി എന്നും ചെവികള്‍ക്ക് പുറകിലായി കൊരുത്തിടുന്നത്‌ കൂടാതെ ഒരു ക്ലിപ്പ് വഴി തലയ്ക്ക് പുറകിലായി വള്ളികള്‍ തമ്മില്‍ ബന്ധിപ്പിക്കാം എന്നും വിഡിയോയില്‍ പറയുന്നു. ഇത് കൂടുതല്‍ സുരക്ഷ ഒരുക്കുന്നു.

ക്ലിയര്‍മാസ്ക് എന്ന പേരില്‍ മറ്റൊരു മാസ്കും തങ്ങളുടെ ജീവനക്കാര്‍ക്കായി ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. കേള്‍വികുറവുള്ളവര്‍ക്ക് ലിപ് റീഡിങ് ചെയ്യാന്‍ പാകത്തിനാണ് ക്ലിയര്‍മാസ്ക് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കന്‍ ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരമുള്ള ക്ലിയര്‍മാസ്ക് സുതാര്യമാണ്. അതേസമയം, ആപ്പിള്‍ മാസ്‌കോ, ക്ലിയര്‍മാസ്‌കോ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമോ എന്ന് വ്യക്തമല്ല.

Top