ആപ്പിളിന്റെ ആറ് നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക്; ലഭിക്കുന്നത് അനവധി തൊഴിലസരങ്ങള്‍

ന്യൂഡല്‍ഹി: ടെക് ഭീമന്മാരായ ആപ്പിളിന്റെ ആറ് നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതോടെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. 500 കോടിയുടെ നിക്ഷേപമാണ് ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റുകളിലേക്ക് നടത്തുന്നതെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍, ഐപാഡ്, ഐ മാക് എന്നീ ഉത്പന്നങ്ങളുടെ ഉത്പാദനവും രാജ്യത്ത് ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തദ്ദേശീയമായി 55000ത്തോളം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലവസരം നല്‍കുന്നതാണ് ആപ്പിളിന്റെ നീക്കമെന്നാണ് സൂചന. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ലാപ്‌ടോപ്പ്, ഐപാഡ്, കംപ്യൂട്ടര്‍ നിര്‍മ്മാണവും സജീവമാകുമെന്നാണ് സൂചന. ഇത്തരത്തില്‍ രാജ്യത്ത് നിര്‍മ്മിക്കുന്നത് ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിര്‍മ്മാണം ഇന്ത്യയിലാക്കുന്നതോടെ ഇറക്കുമതിയ്ക്കായി വന്‍തുക ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് നിരീക്ഷണം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 11.5 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളുടെ നിര്‍മ്മാണമാണ് ആപ്പിള്‍ ലക്ഷ്യമാക്കുന്നത്. വിസ്‌റ്റ്രോണ്‍, പെഗാട്രോണ്‍, സാംസംഗ് തുടങ്ങിയ കമ്പനികളുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ആപ്പിളും ഭാഗമാകും. കൊവിഡ് വ്യാപനത്തിന് പിന്നാലെ ചൈന വിടുന്ന പ്രമുഖ കമ്പനികളെ സ്വീകരിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു.

നേരത്തെ കേന്ദ്ര സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വലിയ വിജയമായി ആപ്പിള്‍ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മൊബൈല്‍ ഐഫോണ്‍ 11ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ XR അസംബ്ലിങ്ങ് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഒപ്പം തന്നെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2017 മുതല്‍ ബംഗ്ലൂര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ടോപ്പ് ആപ്പിള്‍ മോഡല്‍ ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുന്നത്.

Top