മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ കൂടുതൽ മികവുറ്റതാക്കാൻ റിക്രൂട്ട്മെന്റുമായി ആപ്പിൾ

ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഗാഡ്‌ജെറ്റാണ് ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍. അടുത്ത വര്‍ഷത്തോടെ ഈ സൂപ്പര്‍ ഗാഡ്‌ജെറ്റ് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിര്‍ച്വല്‍ റിയാലിറ്റിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും സംയോജിപ്പിച്ച് പുറത്തിറക്കുന്ന ഈ ഹെഡ്‌സെറ്റ് ടെക്ക് ലോകത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്. ഗാഡ്‌ജെറ്റിനെ ഏറ്റവും മികച്ചതാക്കി മാറ്റുവാനുള്ള കഠിനശ്രമങ്ങളാണ് ആപ്പിളിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് രൂപകല്പന ചെയ്യുന്ന ടീമിലേയ്ക്ക് പുതിയ വിദഗ്ധരെ ആപ്പിള്‍ നിയമിക്കുന്നത് തുടരുകയാണ്. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന പ്രോജക്ടുകളില്‍ ഒന്നാണ് മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍. വിര്‍ച്വല്‍ റിയാലിറ്റി(വി.ആര്‍), ഓഗ്‌മെന്റഡ് റിയാലിറ്റി(എ.ആര്‍) എന്നീ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ടൂളുകള്‍ ഡെവലെപ്പ് ചെയ്യുന്നതിനായും ആപ്പിള്‍ വിദഗ്ധരായ എഞ്ചിനീയര്‍മാരെ തേടുന്നുണ്ട്.

കൂടാതെ വി.ആര്‍ മോഡില്‍ ത്രീഡി കണ്ടന്റ് പ്ലേ ചെയ്യാന്‍ സാധിക്കുന്ന വീഡിയോ സേവനം ഹെഡ്‌സെറ്റിനായി നിര്‍മിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. ഇതിലേയ്ക്കുള്ള ടീമിലേയ്ക്കും ആപ്പിള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. മെറ്റാവേഴ്‌സിന് സമാനമായ വിര്‍ച്വല്‍ എന്‍വയണ്‍മെന്റ് ഡെവലപ്പ് ചെയ്യാനുള്ള ശ്രമങ്ങളും ആപ്പിള്‍ നടത്തിവരുന്നുണ്ട്. ഒരു ത്രീഡി മിക്‌സഡ് റിയാലിറ്റി വേള്‍ഡ് ഒരുക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ നടത്തിവരികയാണെന്നും പുതിയ റിക്രുട്ട്‌മെന്റുകള്‍ ഇതിനെ സൂചിപ്പിക്കുന്നു എന്നുമാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആപ്പിളില്‍ നിന്ന് രാജിവെച്ച പല വിദഗ്ധരെയും കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്.

വൈഫൈ സിഗ്‌നലുകള്‍, വാതകച്ചോര്‍ച്ച പോലുള്ള നഗ്‌നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കാത്ത കാര്യങ്ങള്‍ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റിലൂടെ കാണാന്‍ സാധിക്കുമെന്ന് സൂചനകളുണ്ട്. തീപ്പിടിത്തം തിരിച്ചറിയാന്‍ സഹായിക്കും വിധം ചുറ്റുപാടിലെ താപനില വര്‍ധിക്കുന്നത് തിരിച്ചറിയാന്‍ സാധിക്കുമെന്നും വിവരങ്ങളുണ്ട്. 2023 മാര്‍ച്ചോടെ ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് മാര്‍ക്കറ്റിലെത്തുമെന്നാണ് പ്രതീക്ഷ.

Top