പുതിയ ഐഫോൺ 15, ഐഫോൺ 15 പ്രോ സ്മാർട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ

പ്രധാനപ്പെട്ട ചില മാറ്റങ്ങളോടെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ സ്മാർട്‌ഫോണുകൾ പുറത്തിറക്കിയേക്കും. യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ആപ്പിളിന്റെ ലൈറ്റ്‌നിങ് പോർട്ട് ഒഴിവാക്കി ടൈപ്പ് സി പോർട്ട് ആയിരിക്കും ഐഫോണിൽ ഉൾപ്പെടുത്തുക. ഈ മാറ്റം ഇന്ത്യ ഉൾപ്പടെ മറ്റ് വിപണികളിലും ഉണ്ടാവും. ഡിസ്‌പ്ലേയുടെ ഡിസൈനിൽ മാറ്റങ്ങളുണ്ടാവുമെന്നതാണ് മറ്റൊരു വിവരം. ഇത്രയും കാലം ഐഫോണുകളിൽ ഉൾപ്പെടുത്തി വന്ന ഡിസ്‌പ്ലേ നോച്ചിന്റെ രൂപത്തിൽ മാറ്റം വരുത്തിയേക്കും. പകരം ഐഫോൺ 14 പ്രോ മോഡലുകളിൽ അവതരിപ്പിച്ച ഡൈനാമിക് ഐലന്റ് ഐഫോൺ 15, 15 പ്ലസ് മോഡലുകളിലും ഉണ്ടാവും.

അതേസമയം ഐഫോൺ 15 പ്രോ മോഡലുകളിൽ പുതിയ നോച്ച് ഡിസൈൻ പരീക്ഷിക്കുമെന്നാണ് ടെക്ക് വിദഗ്ദനായ മാർക്ക് ഗുർമൻ പറയുന്നത്. ലോ-ഇഞ്ചക്ഷൻ പ്രഷർ ഓവർ മോൾഡിങ് അഥവാ ലിപോ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ആയിരിക്കും ഐഫോൺ 15 പ്രോ മോഡലുകളുടെ സ്‌ക്രീനിലെന്നും ഗുർമൻ പറയുന്നു. നേരത്തെ ഐഫോൺ വാച്ച് സീരീസ് 7 ൽ ലിപോ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഇതുവഴി ഫോണിന്റെ ബോർഡറിന്റെ കനം കുറയ്ക്കാനും അതുവഴി ഡിസ്‌പ്ലേ വലിപ്പം കൂട്ടാനും സാധിക്കും. ബെസെൽ-ലെസിന് സമാനമായ അനുഭവം ഇതുവഴി ഐഫോണുകളിൽ ലഭിക്കും.

കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ മോഡലുകളിൽ ഉപയോഗിച്ച എ16 ബയോണിക് പ്രൊസസർ തന്നെയായിരിക്കും ഐഫോൺ 15 മോഡലുകളിൽ ഉപയോഗിക്കുക. അതേസമയം പ്രോ മോഡലുകളിൽ 3 നാനോമീറ്റർ ചിപ്പ് ആയിരിക്കും ഉപയോഗിക്കുക. 1099 ഡോളർ എന്ന പ്രൈസ് ടാഗിലായിരിക്കും ഐഫോൺ 15 പ്രോ വിപണിയിലെത്തുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Top