ഐഫോൺ എക്സ് നിർമ്മാണം ; വിദ്യാർത്ഥികളെ അധിക സമയം ജോലിയെടുപ്പിക്കുന്നതായി റിപ്പോർട്ട്

ബെയ്‌ജിംഗ് :ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ഫോണാണ് ഐഫോൺ.

അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ പ്രീമിയം ഫോണാണ് ആപ്പിൾ ഐഫോൺ എക്സ്.

വിപണിയിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ആപ്പിൾ ഐഫോൺ എക്സിന്റെ നിർമ്മാണം കുറയുന്നത് വിപണിയെ ബാധിക്കാതിരിക്കാൻ ആപ്പിളിന്റെ വിതരണക്കാരായ ഫൊക്സ്കോൺ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ജോലിയ്ക്കായി നിയമിച്ചിരുന്നു.

എന്നാൽ ഐഫോൺ എക്സ് നിർമ്മിക്കുന്നതിനായി വിദ്യാർത്ഥികളെ കമ്പനി കൂടുതൽ സമയം ജോലിയെടുപ്പിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു.

പ്രമുഖ മാധ്യമമായ ഫിനാൻഷ്യൽ ടൈംസാണ് ഇതു സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 17 മുതൽ 19 വയസുവരെ പ്രായമുള്ള വിദ്യാർത്ഥികളാണ് കമ്പനിയിൽ ജോലിചെയ്യുന്നത്.

ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ ഇവരെ കമ്പനിയിൽ നിയമിക്കുന്നത്. ബിരുദം ലഭിക്കുന്നതിനൊപ്പം പ്രവൃത്തി പരിചയം വെളിപ്പെടുത്തുന്ന സർട്ടിഫിക്കറ്റും കമ്പനി വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ ഞങ്ങൾ പഠിക്കുന്നതുമായി ബന്ധമില്ലാത്ത ജോലിയാണ് ചെയ്യുന്നതെന്നും , സ്കൂളിൽ നിന്ന് ഇവിടെ ജോലി ചെയ്യാൻ നിർബന്ധിക്കുകയാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

ഒരു ദിവസം ഏകദേശം 1,200 ഐഫോൺ എക്സ് ക്യാമറകൾ കൂട്ടിച്ചേർക്കുന്നതായി യാങ് എന്ന വിദ്യാർത്ഥി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഷെങ്ഷൌവ് അർബൻ റെയിൽ ട്രാൻസിറ്റ് സ്കൂളിൽ നിന്നുള്ള 3,000 ത്തോളം വിദ്യാർഥികളിൽ ഒരാളാണ് യാങ്.

ആപ്പിളും ഫൊക്സ്കോണും വിദ്യാർത്ഥികൾ കൂടുതൽ സമയം ജോലി ചെയ്യുന്ന വിവരം അംഗീകരിച്ചുവെന്നും, നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. എന്നാൽ വിദ്യാർത്ഥികൾ അവരുടെ ഇഷ്ട പ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ആപ്പിൾ കൂടുതൽ ഉത്പാദനം നടത്തുന്നതിനായി തൊഴിൽ നിയമങ്ങൾ അവഗണിക്കുയാണെന്നും, വിദ്യാർത്ഥികളെയും , തൊഴിലാളികളെയും കൂടുതൽ സമയം ജോലി ചെയ്യാൻ കമ്പനി നിർബന്ധിക്കുകയാണെന്നും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈന തൊഴിൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലി ക്വിയാങ് അറിയിച്ചു.

Top