ആപ്പിള്‍ ഐഫോണ്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ

ഫോണുകൾ, ഐപാഡുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ആപ്പിൾ വർഷങ്ങളായി ചൈനയിലെ നിർമ്മാണ ശൃംഖലകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ബീജിംഗിലെ സീറോ-കോവിഡ് നയം ഈ സംവിധാനത്തെ ഗുരുതരമായി ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ആപ്പിള്‍ വലിയ പ്രതിസന്ധികള്‍ തന്നെ നേരിട്ടുവെന്നത് സത്യമാണ്.

കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ വർധിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ റിസർച്ച് ഡയറക്ടർ തരുൺ പഥകിന്റെ അഭിപ്രായത്തില്‍ ആപ്പിളിന് ഘട്ടം ഘട്ടമായെ ഇത് ചെയ്യാന്‍ സാധിക്കൂ. ഒറ്റയടിക്ക് 25 ശതമാനം ഉത്പാദനം ഇന്ത്യയിലേക്ക് പറിച്ചുനടാന്‍ സാധിക്കില്ല. പക്ഷെ അത് സാധ്യമാകും.

“രണ്ടര പതിറ്റാണ്ടോളം ചൈന തങ്ങളുടെ മുഴുവൻ ഇലക്ട്രോണിക്സ് നിർമ്മാണ ഇക്കോസിസ്റ്റവും വികസിപ്പിച്ച് നിര്‍ത്തിയതിന്റെ ഫലമാണ് ആപ്പിള്‍ അവരെ അശ്രയിക്കുന്നത്, അത്തരം ഒരു അവസ്ഥ ഇന്ത്യയില്‍ വന്നാല്‍ തീര്‍ച്ചയായും ആപ്പിളിന്റെ ചോയിസ് ഇന്ത്യയാകും” പഥക് അഭിപ്രായപ്പെടുന്നു.

ആപ്പിള്‍ ഐഫോണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ മോഡിലേക്ക് മാറുന്നുവെന്നാണ് 2023 തുടക്കത്തില്‍ തന്നെ ലഭിച്ച സൂചനകള്‍. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും പുതുതായി ഉയര്‍ന്നുവന്ന രാഷ്ട്രീയ സാഹചര്യവും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.

ആപ്പിളിന്റെ മൊത്തം ഉദ്പാദനത്തിന്‍റെ നാലില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാക്കുവാന്‍ ആപ്പിള്‍ ആലോചിക്കുന്നു എന്ന കാര്യം കഴിഞ്ഞ മാസം വെളിപ്പെടുത്തിയത് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ്. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം.

ആപ്പിൾ ഇതിനകം തന്നെ അവരുടെ ഉത്പാദനത്തിന്റെ 5 ശതമാനം മുതൽ 7 ശതമാനം വരെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അവരുടെ (ആപ്പിളിന്റെ) ഉൽപ്പാദനത്തിന്റെ 25 ശതമാനം വരെ ഇന്ത്യയില്‍ എത്തിക്കാനാണ് അവർ ലക്ഷ്യമിടുന്നത് ഒരു പരിപാടിയിൽ സംസാരിക്കവെ പിയൂഷ് ഗോയല്‍ പറഞ്ഞു.

ആപ്പിളിന് ഐഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന മുന്‍നിര കരാറുകാരായ ഫോക്‌സ്‌കോൺ (എച്ച്‌എൻ‌എച്ച്‌പി‌എഫ്) ചൈനയിൽ നിന്നുള്ള നിര്‍മ്മാണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ ഇന്ത്യയിലെ അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയിടുന്ന സമയത്താണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Top