Apple iPhone prices hiked by up to 29 pc in India

ഇന്ത്യയില്‍ ഐഫോണിന്റെ വില ആപ്പിള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. 29 ശതമാനം വര്‍ധനയാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനവരി-മാര്‍ച്ച് കാലയളവില്‍ ആപ്പിള്‍ വരുത്തിയ വിലക്കുറവ് പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആപ്പിളിന്റെ പുതിയ മോഡലായ ഐഫോണ്‍ എസ്ഇ വിപണിയില്‍ തണുത്ത പ്രതികരണമാണുണ്ടാക്കിയത്. ഐഫോണ്‍ 6, ഐഫോണ്‍ 6എസ് മോഡലുകള്‍ക്കും പ്രതീക്ഷിച്ച വില്‍പന ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഐഫോണ്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള നീക്കം.

എഫോണ്‍ 6, ഐഫോണ്‍ 6എസ് മോഡലുകള്‍ക്ക് യഥാക്രമം 31,000 രൂപ, 40,500 രൂപ എന്നിങ്ങനെയാണ് ഇന്ത്യയില്‍ വില. വര്‍ധന നിലവില്‍ വരുന്നതോടെ ഇത് യഥാക്രമം 40,000 രൂപ, 48,000 രൂപ എന്നിങ്ങനെയാകും.

ഐഫോണ്‍ 5എസിന്റെ വില 22 ശതമാനം വര്‍ധിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് സൂചന. നിലവിലുള്ള 18,000 രൂപ 22,000 രൂപയായി വര്‍ധിച്ചേക്കും.

സാംസങിന്റെ ഗാലക്‌സി എസ്7, ഗാലക്സി എസ്7 എഡ്ജ് മോഡലുകള്‍ വിപണിയില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്ന വേളയിലാണ്, ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുന്ന ഈ നീക്കം നടത്തുന്നത്.

Top