ആപ്പിള്‍ ഐഫോണ്‍ 8നെ ഐഫോണ്‍ എക്‌സ് ആക്കി മാറ്റുന്നു

ഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ തങ്ങളുടെ പരിഷ്‌കരിച്ച ഐഫോണ്‍ 8ന് ഐഫോണ്‍ എക്‌സ് എന്ന പേര് നല്‍കാന്‍ തയ്യാറെടുക്കുന്നതായി സൂചന.

അടുത്തയാഴ്ചയോടെ ഇതു സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ചെലവേറിയ പ്രീമിയം ഐഫോണ്‍ മോഡല്‍ ഐഫോണ്‍ എക്‌സ് എന്നറിയപ്പെടുമെന്ന് ഐഫോണ്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായ സ്റ്റീവ് ട്രോടണ്‍ സ്മിത്ത് വ്യക്തമാക്കി.

ആപ്പിളിന്റെ സോഫ്റ്റ് വെയര്‍ കോഡിലെ സവിശേഷതകള്‍ കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് വരും മുന്‍പേതന്നെയാണ് ട്രോടണ്‍ സ്മിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷത്തില്‍ രണ്ടിലധികം ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്ന പ്രവണത ആപ്പിളിനില്ല. എന്നാല്‍ ഐഫോണിന്റെ പത്താമത്തെ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷംതന്നെ മൂന്നാമത്തെ മോഡലിന് പദ്ധതിയിടുന്നുണ്ടെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പുതിയ മോഡല്‍ ഐഫോണ്‍ പ്രൊ അല്ലെങ്കില്‍ ഐഫോണ്‍ എഡിഷന്‍ എന്ന് അറിയപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവിലെ ഐഫോണ്‍ 7 ന്റെ ഡിസൈന്‍ നവീകരിച്ചതാണ് ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ.

അതേസമയം, വലിയ ഡിസ്‌പ്ലേ, ഫേസ് ഡിറ്റക്ടര്‍, 3 ഡി ക്യാമറ സെന്‍സറുകള്‍ ഉള്‍പ്പെടെ പുതിയ ഡിസൈനുകളായിരിക്കും ഐഫോണ്‍ എക്‌സിന്റെ സവിശേഷതകള്‍.

Top