ഐഫോണിന്റെ വില്‍പ്പന കുറയുന്നു ; ആപ്പിളിന്റെ ലാഭം 1.2 ശതമാനം കൂടി

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ മുഖ്യ ഉല്‍പന്നമായ ഐഫോണിന്റെ വില്‍പ്പന കുറയുന്നു.

ഏപ്രില്‍ ഒന്നിന് അവസാനിച്ച ത്രൈമാസ പാദഫലം പുറത്തുവന്നപ്പോള്‍ കമ്പനിയുടെ ലാഭം കൂടിയിട്ടുണ്ട്. എന്നാല്‍, ഐഫോണ്‍ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്.

ഐഫോണ്‍ മോഡലിന്റെ 10ാം വാര്‍ഷിക ആഘോഷത്തിനൊരുങ്ങുന്ന അവസരത്തിലാണ് വില്‍പ്പനയില്‍ ഇടിവുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞ് 5.07 കോടി യൂണിറ്റിലെത്തി.
5.11 കോടി ഐഫോണുകളായിരുന്നു തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ സമയം വിറ്റത്.കമ്പനിക്ക് ഏറ്റവുമധികം വില്‍പ്പനയുള്ളതും ലാഭം നേടി കൊടുക്കുന്നതുമായ ഉല്‍പന്നമാണ് ഐഫോണ്‍.

സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ അറ്റലാഭം 4.9 ശതമാനം വര്‍ധിച്ച് 1,100 കോടി ഡോളര്‍ കടന്നു. മൊത്തം വരുമാനം 1.2 ശതമാനം വര്‍ധിച്ച് 5,290 കോടി ഡോളറിലുമെത്തി.

പാദഫലം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം രണ്ട് ശതമാനത്തോളം ഇടിഞ്ഞ് 144.65 ഡോളറിലെത്തി.

എന്നാല്‍, ഡിസംബറില്‍ അവസാനിച്ച പാദത്തേക്കാള്‍ മികച്ച പ്രകടനം മാര്‍ച്ച് പാദത്തില്‍ കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞതായും ഐഫോണ്‍ 7 പ്ലസിന് കൂടിവരുന്ന ആവശ്യകത നിലനിര്‍ത്തുമെന്നും ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക് പറഞ്ഞു.

Top