മാസ്‌ക് ധരിച്ച് ഫെയ്സ് ഐഡി പ്രവര്‍ത്തിക്കന്ന ഐഒഎസ് 13.5 അപ്‌ഡേറ്റ് പുറത്തിറക്കി ആപ്പിള്‍

ലോകമെമ്പാടുമുള്ള ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് 13.5 അപ്‌ഡേറ്റ് പുറത്തിറക്കി ആപ്പിള്‍. മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ വളരെ എളുപ്പം ഫെയ്‌സ് അണ്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം പുതിയ അപ്‌ഡേറ്റില്‍ ഒരുക്കിയിരിക്കുന്നു.

കോവിഡ്-19 പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ ചട്ടങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതാണ് ആപ്പിളിന്റെ ഈ നീക്കം. കോവിഡ് പ്രതിരോധത്തിനായി എല്ലായിപ്പോഴും മാസ്‌ക് ധരിക്കാനാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശം. ഫെയ്‌സ് ഐഡിയിലേക്ക് മുഖങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടുത്തിയുള്ള അപ്‌ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ഗൂഗിളുമായി സഹകരിച്ച് നിര്‍മിച്ച എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ എപിഐയും പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഫെയ്‌സ് ഐഡി ഉപയോഗിക്കുന്ന ഫോണുകളില്‍ മാസ്‌ക് വെച്ച് അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഓട്ടോമാറ്റിക് ആയി നമ്പര്‍ പാസ് വേഡ് നല്‍കാനുള്ള നിര്‍ദേശമാണ് സ്‌ക്രീനില്‍ കാണുക. ഫെയ്‌സ് ഐഡി ഉപയോഗിക്കണമെങ്കില്‍ മാസ്‌ക് അഴിക്കേണ്ടതായി വരും. എല്ലാ സമയവും മാസ്‌ക് ധരിക്കേണ്ടി വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ അപ്‌ഡേറ്റ് ഏറെ ഉപകാരപ്പെടുക.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് മാസക് ഉള്‍പ്പെടുത്തിയുള്ള മുഖങ്ങളും ഫെയ്‌സ് ഐഡിയില്‍ അനുവദിച്ചത്. ഇത് കൂടാതെ ഫെയ്‌സ് ടൈം ഗ്രൂപ്പ് വീഡിയോ കോളുകളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നയാളുടെ വീഡിയോ ടൈല്‍ ഹൈലൈറ്റ് ചെയ്യുന്ന അപ്‌ഡേറ്റും അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ചില വീഡിയോ സ്ട്രീമിങ് ആപ്പുകളില്‍ കറുത്ത പശ്ചാത്തലം കാണുന്ന പ്രശ്‌നവും പരിഹരിച്ചിട്ടുണ്ട്. ഐഫോണ്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 420 എംബി സൈസുള്ള അപ്‌ഡേറ്റാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരിക.

Top