പുത്തന്‍ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍

ഗാഡ്ജറ്റ്‌സ് മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ പുത്തന്‍ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍. രണ്ട് പുതിയ മോഡലുകളാണ് ആപ്പിള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 10.2 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പത്തില്‍ വില കുറഞ്ഞ മോഡലായ ഐപാഡ് എട്ടാം തലമുറയും. ഐപാഡ് എയറുമാണ് കമ്പനി പുറത്തിറക്കിയത്. കൂടുതല്‍ കരുത്തോടെയാണ് ഐപാഡ് എയറിന്റെ ഇത്തവണത്തെ വരവ്.

ഐപാഡ് സ്വപ്നം കാണുന്ന തുടക്കക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഐപാഡ് എട്ടാം തലമുറ പുറത്തിറക്കിയിരിക്കുന്നത്. 10.2 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പത്തില്‍ A12 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ടാബ്‌ലെറ്റ് എത്തുന്നത്. എന്‍ട്രി ലെവല്‍ ഐപാഡാണെങ്കില്‍ ഗ്രാഫിക്‌സിലുള്‍പ്പടെ മികച്ച പ്രകടനം ലഭിക്കുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ഐപാഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഒ.എസ് 14ലാണ് പ്രവര്‍ത്തനം. ഹാന്‍ഡ്‌റിട്ടണ്‍ ടെക്‌സ്റ്റ് ഇന്‍പുട്ട് പോലുള്ള നൂതന ഫീച്ചറുകള്‍ ടാബിന്റെ ഭാഗമാണ്. വില കുറഞ്ഞ ഐപാഡായതിനാല്‍ ടൈപ്പ് സി പോര്‍ട്ട് ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടച്ച് ഐ.ഡി ഹോം ബട്ടന്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഐപാഡ് പ്രോയോട് സമാനമായ ഫീച്ചറുകള്‍ തന്നെയാണ് ഐപാഡ് എയറിലുമുള്ളത്. ഐപാഡ് പ്രോയുടെ അപ്‌ഡേറ്റ് ചെയ്ത ഡിസൈനാണ് ഐപാഡ് എയറിനുള്ളത്. എന്നാല്‍ ടച്ച് ഐ.ഡി സെന്‍സര്‍ ഹോം ബട്ടനില്‍ നിന്ന് പവര്‍ ബട്ടനിലേക്ക് മാറ്റിയെന്നതാണ് പ്രധാന സവിശേഷത.

10.9 ഇഞ്ച് ലിക്വുഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഐപാഡ് എയറിനുള്ളത്. 2360ഃ1640 ആണ് പിക്‌സല്‍ റെസലൂഷന്‍. ആപ്പിളിന്റെ ബയോനിക് എ 14 ചിപ്പാണ് കരുത്ത് പകരുന്നത്. ഐപാഡ് പ്രോയേക്കാളും 40 ശതമാനം വേഗത കൂടുതലായിരിക്കും ഐപാഡ് എയറിന്.

12 മെഗാപിക്‌സലിന്റെ പിന്‍കാമറയും 7 മെഗാപിക്‌സലിന്റെ ഫേസ് എച്ച്.ഡി മുന്‍ കാമറയുമാണ് നല്‍കിയിരിക്കുന്നത്. ഐപാഡ് എയര്‍ വൈ-ഫൈ മോഡലിന് 54,900 രൂപയും വൈ-ഫൈ സെല്ലുലാര്‍ മോഡലിന് 66,900 രൂപയുമാണ് വില. ഐപാഡ് എട്ടാം തലമുറ വൈ-ഫൈ മോഡലിന് 29,900 രൂപയും വൈ-ഫൈ സെല്ലുലാറിന് 41,900 രൂപയുമാണ് വില.

Top