ഗൂഗിളിന് പിന്നാലെ ആപ്പിളും അടച്ചുപൂട്ടി; ചൈന തകര്‍ച്ചയിലേക്ക്?

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് ആഗോളരാജ്യങ്ങള്‍. അതേസമയം ചൈനയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ചൈനയിലെ എല്ലാ ഔദ്യോഗിക സ്റ്റോറുകളും കോര്‍പ്പറേറ്റ് ഓഫീസുകളും ഉപഭോക്തൃ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടുമെന്ന് ആപ്പിള്‍ കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 250 കടന്നതിനാല്‍,മുന്‍കരുതലെന്ന നിലയ്ക്കാണ് ഈ നടപടി.

അതേസമയം എത്രയും വേഗം സ്റ്റോറുകള്‍ വീണ്ടും തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം നേരത്തെ ആപ്പിള്‍ മൂന്ന് സ്റ്റോറുകള്‍ അടച്ചിരുന്നു.

മാത്രമല്ല നേരത്തെ ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടിയിരുന്നു. ഹോംങ്കോംങിലേയും തായ്‌വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിരിക്കുകയാണ്.

കൂടാതെ മക് ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്.

Top