apple i phone 5s – rate – down 15,000 rs

ആപ്പിള്‍ ഐഫോണ്‍ 5എസിന്റെ വില 15,000 രൂപയിലും കുറയുമെന്നതാണ് പുതിയവാര്‍ത്ത. ആപ്പിള്‍ വിപണിയിലെത്തിക്കുന്ന പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്ഇ വിപണിയിലെത്തുന്നതോടെയാണ് ഐഫോണ്‍ 5എസിന്റെ വില കുത്തനെ കുറയുക. മാര്‍ച്ച് 21ന് ഐഫോണ്‍ 5എസ്ഇ അവതരിപ്പിക്കുമ്പോള്‍ തന്നെ ഐഫോണ്‍ 5 എസിന്റെ വില ആപ്പിള്‍ കുറക്കുമെന്നാണ് ലഭിക്കുന്ന സൂചന.

നാല് ഇഞ്ചാണ് (10 സെന്റിമീറ്റര്‍) ഐഫോണിന്റെ പറ്റിയ വലിപ്പമെന്ന് കരുതുന്നവര്‍ ഏറെ ആവേശത്തോടെയാണ് ഐഫോണ്‍ 5 എസ്ഇ യുടെ ലോഞ്ചിംഗിന് കാത്തിരിക്കുന്നത്. ഐഫോണ്‍ 6എസിന്റെ മിക്കവാറും എല്ലാ സവിശേഷതകളും പുതിയ മോഡലിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 6എസിലെ 3ഡി ടച്ച് സൗകര്യം ഐഫോണ്‍ 5എസ്ഇയില്‍ ഉണ്ടായേക്കില്ല.

ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ 20,000 രൂപയോടടുപ്പിച്ച് വില്‍ക്കുന്ന ഐഫോണ്‍ 5 എസ് ആപ്പിളിന്റെ മികച്ച മോഡലുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഐഫോണ്‍ 5എസിന്റെ പഴയ രൂപത്തെ ഇഷ്ടപ്പെടുന്ന സ്മാര്‍ട് ഫോണ്‍ പ്രേമികളും നിരവധിയാണ്.

ഐഫോണ്‍ 6 നേക്കാളും 6 പ്ലസിനേക്കാളും മികച്ച ഫോണായാണ് ഐഫോണ്‍ 5എസിനെ പലരും വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഐഫോണ്‍ 5 എസിന്റെ വില 15,000 രൂപയിലും കുറഞ്ഞാല്‍ വില്‍പനയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കപ്പെടുന്നു.

എന്നാല്‍ 4 ഇഞ്ച് വലിപ്പം നിര്‍ബന്ധമുള്ള അത്യാധുനിക ഐഫോണ്‍ വേണ്ടവര്‍ക്ക് ഐഫോണ്‍ 5എസ്ഇ തന്നെയായിരിക്കും പറ്റിയ ഓപ്ഷന്‍. ഐഫോണ്‍ 6 എസിന്റെ എല്ലാ സവിശേഷതകളും ഐഫോണ്‍ 5എസ്ഇയിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. 30,000ത്തിനും 36,000ത്തിനും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്. വില അടക്കമുള്ള വിവരങ്ങള്‍ മാര്‍ച്ച് 21ന് നടക്കുന്ന ലോഞ്ചിംഗില്‍ ആപ്പിള്‍ അധികൃതര്‍ തന്നെ പരസ്യമാക്കും.

Top