ആപ്പിള്‍ കമ്പനിക്കെതിരെ 10 ദശലക്ഷം യൂറോ പിഴ ചുമത്തി ഇറ്റലിയിലെ എജിസിഎം

റോം: യുഎസ് സ്മാർട്ട്‌ഫോൺ ഭീമനായ ആപ്പിള്‍ കമ്പനിക്കെതിരെ 10 ദശലക്ഷം യൂറോ (ഏകദേശം 88.5 കോടി രൂപ) പിഴ ചുമത്തി ഇറ്റലിയിലെ ആന്റി ട്രസ്റ്റ് അതോറിറ്റി എജിസിഎം. ആപ്പിളിൻറെ വിവിധ ഐഫോണ്‍ മോഡലുകളുടെ ജലപ്രതിരോധശേഷി സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചതിനാണ് കമ്പനിക്കെതിരെ പിഴ ചുമത്തിയത്. ഏത് സാഹചര്യത്തിലാണ് ഈ സവിശേഷതകള്‍ നിലനില്‍ക്കുകയെന്ന കാര്യം കമ്പനി വ്യക്തമാക്കുന്നില്ലെന്നും ഇത് തെറ്റായ കച്ചവടതന്ത്രമാണെന്നും ഒരു തരത്തിൽ ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

കൂടാതെ, ദ്രാവകങ്ങള്‍ വീണ് കേടുപാടുകള്‍ സംഭവിച്ചാല്‍ അത് കമ്പനിയുടെ വാറന്റിയുടെ പരിധിയില്‍ വരില്ലെന്നു മാത്രമല്ല, വെള്ളം വീണോ മറ്റോ കേടുപാടുകള്‍ സംഭവിച്ചാല്‍ മറ്റു സേവനങ്ങളൊന്നും നല്‍കുകയുമില്ല. ഇത് വാണിജ്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാട്ടിയാണ് നടപടി. നിലവിൽ, ഈ വിഷയത്തിൽ ആപ്പിള് പ്രതികരിച്ചിട്ടില്ല.ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ്ആര്‍, ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്എസ് മാക്സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ മാക്സ് മോഡലുകളുടെ പ്രചാരണത്തിലെ അവകാശ വാദങ്ങള്‍ക്കെതിരേയാണ് ആക്ഷേപം വന്നിരിക്കുന്നത്.

Top